കൂടുതല്‍ ഏറ്റെടുക്കലുകളിലേക്ക് ആസ്റ്റര്‍ ഡി.എം; അടുത്ത ഉന്നം മഹാരാഷ്ട്രയും യു.പിയും

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കലുകളിലൂടെ രാജ്യത്തിന്റെ ഉത്തര, പശ്ചിമ മേഖലകളിലേക്കും സാന്നിധ്യം വിപുലപ്പെടുത്താനൊരുങ്ങുന്നു. അടുത്ത തലത്തിലേക്ക് വളരാന്‍ ഏറ്റെടുക്കലുകളുള്‍പ്പെടെയുള്ള മാര്‍ഗങ്ങളും പ്രയോജനപ്പെടുത്താനാണ് ആസ്റ്റര്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിതിന്‍ ഷെട്ടി അടുത്തിടെ ബിസിനസ് സ്റ്റാൻഡേർഡിന്‌ നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഗള്‍ഫ് ബിസിനസ് വിറ്റഴിച്ചതിലൂടെ നേടിയ തുക വിനിയോഗിച്ച് ഇന്ത്യയില്‍ കൂടുതല്‍ ആശുപത്രികളെ സ്വന്തമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുകൂടാതെ കൂടുതല്‍ നിക്ഷേപത്തിനായി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായും കമ്പനി ചര്‍ച്ച നടത്തി വരുന്നു.
മഹാരാഷ്ട്ര, യു.പി വിപണിയിലേക്കും
മഹാരാഷ്ട്രയിലെ പൂനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെയാണ് കമ്പനി ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്നാണ് അറിയുന്നത്. ബംഗളൂരുവില്‍ ആസ്റ്ററിന് മികച്ച സാന്നിധ്യമുണ്ട്. 1,200 കിടക്കകളാണ് അവിടെയുള്ളത്. ഹൈദരാബാദില്‍ നിലവില്‍ സാന്നിദ്ധ്യമുണ്ടെങ്കിലും വലിയ രീതിയിലുള്ള വളര്‍ച്ച നേടാനായിട്ടില്ല. അവിടെയും വിപുലീകരണം ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഉത്തര്‍പ്രദേശിലേക്കും കടക്കാന്‍ പദ്ധതിയുണ്ട്.
നിലവില്‍ തെക്കേ ഇന്ത്യയില്‍ 19 ആശുപത്രികളും 13 ക്ലിനിക്കുകളും 226 ഫാര്‍മസികളും 251 പേഷ്യന്‍ എക്‌സ്പീരിയന്‍സ് സെന്ററുകളും ആസ്റ്ററിനുണ്ട്. കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ആസ്റ്റര്‍ ആശുപത്രികളുള്ളത്. കേരളത്തില്‍ മാത്രം ഏഴ് ആശുപത്രികളുണ്ട്.
1,500 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോസ്പിറ്റല്‍ ശൃംഖലയിലേക്ക് 1,500 ബെഡുകള്‍ കൂടി കൂട്ടിചേര്‍ക്കുകയാണ് ആസ്റ്ററിന്റെ ലക്ഷ്യം. ഇതിനായി 850-900 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ഷെട്ടി വ്യക്തമാക്കി. നിലവില്‍ 4,800 കിടക്കകളാണ് ആസ്റ്ററിന്റെ വിവിധ ആശുപത്രികളിലായുള്ളത്.
അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ എണ്ണം 6,000 ആക്കി ഉയര്‍ത്തും. തിരുവനന്തപുരത്ത് സ്ഥാപിച്ചു വരുന്ന ആസ്റ്റര്‍ ക്യാപിറ്റലിന്റെ ആദ്യ ഘട്ടം 2026 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. ഇവിടെ 350
കിടക്ക
കളാണ് സജീകരിക്കുന്നത്. കാസര്‍കോട് തുടങ്ങുന്ന ആസ്റ്റര്‍ മിംമ്‌സില്‍ 200ലധികം കിടക്കകളുമുണ്ടാകും. ഇതുകൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കണ്ണൂരിലെ ആസ്റ്റര്‍ മിംമ്‌സ് എന്നിവിടങ്ങളില്‍ 100 കിടക്കകളും ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ് ഫീല്‍ഡില്‍ 159 കിടക്കകളും അധികമായി കൂട്ടിച്ചേര്‍ക്കും.
നിക്ഷേപവുമായി കമ്പനികള്‍
പ്രൈവറ്റ് ഇക്വിറ്റി കമ്പനികളായ കെ.കെ.ആര്‍ ആന്‍ഡ് കമ്പനി, കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ഒന്റാരിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ (OTPP), ബ്ലാക്ക് സ്റ്റോണിന്റെ പിന്തുണയുള്ള കെയര്‍ ഹോസ്പിറ്റല്‍ എന്നിവയും ആസ്റ്ററിന്റെ ഇന്ത്യന്‍ ബിസിനസില്‍ നിക്ഷേപത്തിനായി താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനിടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപിറ്റല്‍ ആസ്റ്ററിലുള്ള 19 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം നടത്തുന്നതായും വാര്‍ത്തകളുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it