
മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 106 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) റിപ്പോർട്ട് ചെയ്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 87 കോടി രൂപയിൽ നിന്ന് 21 ശതമാനം വർദ്ധനവാണ് ഇത്. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2 ശതമാനം വർദ്ധിച്ച് 1,000 കോടി രൂപയായി. പ്രവര്‍ത്തന EBITDA 16 ശതമാനം വർദ്ധിച്ച് 193 കോടി രൂപയായി.
2025 സാമ്പത്തിക വർഷത്തിലെ ആകെ വരുമാനം 12 ശതമാനം വർദ്ധനവോടെ 4,138 കോടി രൂപയായി. പ്രവർത്തന EBITDA 30 ശതമാനം വർദ്ധിച്ച് 806 കോടി രൂപയായി. ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
പ്രവർത്തന മികവിലും രോഗീ പരിചരണത്തിലുമുളള ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാലാം പാദത്തിലെ പ്രകടന മികവില്‍ പ്രതിഫലിക്കുന്നതായി സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ക്വാളിറ്റി കെയറുമായുള്ള ലയനം ആസ്റ്ററിന്റെ വ്യാപ്തിയും പ്രവര്‍ത്തന മികവും ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ ബ്രാൻഡുകളിൽ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖല ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിനുണ്ട്. 14 നഗരങ്ങളിലായി 5,150 ത്തിലധികം കിടക്കകളുള്ള 26 ആരോഗ്യ കേന്ദ്രങ്ങളാണ് ഈ ശൃംഖലയ്ക്കുളളത്.
2025 സാമ്പത്തിക വർഷത്തിൽ ആസ്റ്റർ 300 കിടക്കകൾ കൂടി കൂട്ടിച്ചേർത്തു, ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 5,159 ആയി. 2,100 കിടക്കകൾ കൂടി ചേർത്ത് 7,300 കിടക്കകൾ പൂര്‍ത്തിയാക്കാനാണ് കമ്പനിക്ക് പദ്ധതിയുളളത്. ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാ ഓപ്പറേറ്റീവ് ഇലക്ട്രോൺ റേഡിയേഷൻ തെറാപ്പി (IOeRT) പ്രോഗ്രാം ആരംഭിക്കാനും ആശുപത്രി ശൃംഖലയിലുടനീളം ആസ്റ്റർ ഹെൽത്ത് ആപ്പ് പുറത്തിറക്കാനും ഈ കാലയളവില്‍ കമ്പനിക്കായി.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരി 3.72 ശതമാനം ഇടിഞ്ഞ് 557.85 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Aster DM Healthcare reports 21% profit rise in Q4, expands bed capacity and progresses with Quality Care merger.
Read DhanamOnline in English
Subscribe to Dhanam Magazine