ആസ്റ്റര്‍ ഗള്‍ഫിലെ ബിസിനസ് വിറ്റു; അലീഷ മൂപ്പന്‍ മാനേജിംഗ് ഡയറക്ടറാകും, ഓഹരികളില്‍ കുതിപ്പ്

പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫിലെ (GCC/ജി.സി.സി) ബിസിനസ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സിന് വില്‍ക്കാന്‍ ധാരണയായി. 101 കോടി ഡോളറിന്റേതാണ് (8,400 കോടി രൂപ) ഇടപാട്.

ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര്‍ കാപ്പിറ്റല്‍ അഡൈ്വസേഴ്‌സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സ്. ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍ ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനിറ്റി ഹോള്‍ഡിംഗ്‌സ് കൈവശം വയ്ക്കും. 65 ശതമാനം ഓഹരി പങ്കാളിത്തം നേടുന്ന ഫജ്ര്‍ കാപ്പിറ്റലാകും സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക.
ആസ്റ്ററിന്റെ ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസുകള്‍ വേര്‍തിരിക്കുക കൂടിയാണ് ഗള്‍ഫ് ബിസിനസ് വില്‍ക്കുന്നതിലൂടെ ആസ്റ്റര്‍ ലക്ഷ്യമിടുന്നത്. ഇരു വിഭാഗങ്ങളുടെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ആസാദ് മൂപ്പന്‍ തുടരും. അദ്ദേഹത്തിന്റെ മകളും നിലവില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമാകും.
ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം
ഇന്ത്യയിലെയും ജി.സി.സിയിലെയും ബിസിനസുകള്‍ ഒരുപോലെ മികച്ച വളര്‍ച്ച ഉറപ്പാക്കുകയും മെച്ചപ്പെട്ട മൂല്യം ലഭ്യമാക്കുകയുമാണ് ഇരു ബിസിനസുകളും വേര്‍തിരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്തവും സ്വതന്ത്രവുമായ മാനേജ്‌മെന്റുകളായിരിക്കും ഇരു വിഭാഗത്തിന്റെയും പ്രവര്‍ത്തനച്ചുമതല നിര്‍വഹിക്കുക.
ഇടപാടിന്റെ ഭാഗമായി നിശ്ചിത വിഹിതം നിലവിലെ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി നല്‍കും. ബാക്കിത്തുക ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഏകദേശം 4,500 കിടക്കകളുള്ള 19 ആശുപത്രികളാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഇന്ത്യന്‍ ബിസിനസിലുള്ളത്. ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണങ്ങള്‍ക്ക് ആസ്റ്റര്‍ പ്രാമുഖ്യവും നല്‍കും. 1,400 കിടക്കകളോടെ 15 ആശുപത്രികളാണ് കണ്‍സോര്‍ഷ്യം നയിക്കുന്ന ഗള്‍ഫ് ബിസിനസിലുള്ളത്.
ക്ലിനിക്കില്‍ തുടങ്ങിയ സാമ്രാജ്യം
അത്യാധുനികവും മികവുറ്റതുമായ ചികിത്സാരംഗത്തെ ശ്രദ്ധേയ നാമമാണ് ഇന്ത്യയിലും ജി.സി.സിയിലും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍. 1987ല്‍ ദുബൈയില്‍ ഒരു ചെറിയ ക്ലിനിക്കായാണ് ഈ പ്രസ്ഥാനത്തിന് ഡോ. ആസാദ് മൂപ്പന്‍ തുടക്കമിട്ടത്.
ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാര്‍മസികള്‍, 251 പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവ ഗ്രൂപ്പിന് കീഴിലുണ്ട്. 15 ആശുപത്രികള്‍ക്ക് പുറമേ 118 ക്ലിനിക്കുകള്‍, 276 ഫാര്‍മസികള്‍ എന്നിവയാണ് യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവ ഉള്‍പ്പെടുന്ന ജി.സി.സിയിലുള്ളത്.
ഓഹരികളില്‍ മുന്നേറ്റം
ആസ്റ്റര്‍ ഗള്‍ഫിലെ ബിസിനസുകള്‍ വിറ്റഴിച്ചേക്കും എന്ന ശ്രുതി ആറുമാസത്തോളമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. അന്നുമുതല്‍ തന്നെ ആസ്റ്ററിന്റെ ഓഹരികള്‍ കാഴ്ചവയ്ക്കുന്നതും മികച്ച വളര്‍ച്ചയാണ്. ആറുമാസത്തിനിടെ ഏകദേശം 40 ശതമാനത്തോളം നേട്ടം (Return) ഓഹരി നിക്ഷേപകര്‍ക്ക് ആസ്റ്റര്‍ ഓഹരിയില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. ഇന്ന് എന്‍.എസ്.ഇയില്‍ ഓഹരിയുള്ളത് 10 ശതമാനത്തോളം നേട്ടവുമായി 365 രൂപയിലാണ്. 18,232 കോടി രൂപയാണ് ആസ്റ്ററിന്റെ വിപണിമൂല്യം (Market Cap).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it