'എന്റെ എക്സ് തിരിച്ചുവരുമോ?' യുവാക്കളുടെ ഈ ചോദ്യങ്ങളിൽ നിന്ന് ₹1,823 കോടി വരുമാനം!

ആസ്‌ട്രോടോക്കിന് ഏകദേശം ഏഴ് കോടി ഉപയോക്താക്കളുണ്ട്. ഇവരില്‍ 84 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്
'എന്റെ എക്സ് തിരിച്ചുവരുമോ?' യുവാക്കളുടെ ഈ ചോദ്യങ്ങളിൽ നിന്ന് ₹1,823 കോടി വരുമാനം!
Published on: 

'എന്റെ മുന്‍ കാമുകന്‍ അല്ലെങ്കില്‍ കാമുകി തിരികെ വരുമോ?' ജ്യോതിഷ ആപ്പായ ആസ്‌ട്രോടോക്കില്‍ (AstroTalk) ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയം, വിവാഹം, ജോലി, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശം തേടുന്നവരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ ജ്യോതിഷം വലിയൊരു ബിസിനസായി മാറുകയാണ്.

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്യോതിഷ പ്ലാറ്റ്ഫോമായ ആസ്‌ട്രോടോക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1,823 കോടി വരുമാനം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 55 ശതമാനം വളര്‍ച്ചയാണിത്. കമ്പനിയുടെ അറ്റാദായം 22 കോടിയില്‍ നിന്ന് 222 കോടിയായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയുടെ മൂല്യം ഏകദേശം 100 കോടി ഡോളറിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉപയോക്താക്കളില്‍ കൂടുതലും യുവാക്കള്‍

ആസ്‌ട്രോടോക്കിന് ഏകദേശം ഏഴ് കോടി ഉപയോക്താക്കളുണ്ട്. ഇവരില്‍ 84 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 65 ശതമാനവും വിവാഹവുമായി ബന്ധപ്പെട്ട ഉപദേശങ്ങളില്‍ നിന്നാണ്.

ഒരു കണ്‍സള്‍ട്ടേഷന് ഉപയോക്താക്കള്‍ ശരാശരി 210 രൂപ ചെലവഴിക്കുന്നു. ജനപ്രിയ ജ്യോതിഷികള്‍ മിനിറ്റിന് 250 രൂപ വരെ ഈടാക്കുന്നുണ്ട്.

2023ലെ ഒരു സര്‍വേ പ്രകാരം ജെന്‍സീ വിഭാഗത്തിലെ 53.8 ശതമാനം പേര്‍ ജ്യോതിഷ ഉപദേശം തേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിന്റെയും സംശയങ്ങള്‍ പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചായിരുന്നു.

എങ്ങനെയാണ് വരുമാനം നേടുന്നത്?

ആദ്യത്തെ ഏതാനും മിനിറ്റുകള്‍ സൗജന്യമായി ജ്യോതിഷികളോട് സംസാരിക്കാന്‍ അവസരം നല്‍കുന്നതാണ് ആസ്‌ട്രോടോക്കിന്റെ പ്രധാന തന്ത്രം. കൂടുതല്‍ സമയം സംസാരിക്കണമെങ്കില്‍ പണം നല്‍കണം.

ജ്യോതിഷികള്‍ക്കും ഈ സംവിധാനം ഗുണകരമാണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വരെ വരുമാനം ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജ്യോതിഷ ഉപദേശത്തിന് പുറമേ രത്‌നങ്ങള്‍, ക്രിസ്റ്റലുകള്‍, ആഭരണങ്ങള്‍, വാസ്തു ഉല്‍പന്നങ്ങള്‍ എന്നിവയും കമ്പനി വില്‍ക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 2025-26ല്‍ നാലിരട്ടി വര്‍ധിച്ച് 166 കോടിയായി. എന്നാല്‍ ആകെ വരുമാനത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണിത്.

വിദേശത്തുനിന്നുള്ള വരുമാനവും വര്‍ധിക്കുകയാണ്. 2024-25ല്‍ മൊത്തം വരുമാനത്തിന്റെ ഏകദേശം 20 ശതമാനമായിരുന്ന വിദേശ വിപണിയുടെ പങ്ക് 2025-26ല്‍ 37 ശതമാനമായി ഉയര്‍ന്നു.

നിക്ഷേപകരും രംഗത്ത്

2024ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ ലെഫ്റ്റ് ലെയ്ന്‍ ക്യാപിറ്റല്‍ (Left Lane Capital) ആസ്‌ട്രോടോക്കില്‍ രണ്ട് കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ ചെലവുകളും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2023-24ല്‍ 542 കോടിയായിരുന്ന ചെലവ് 2024-25ല്‍ 1,129 കോടിയായി വര്‍ധിച്ചു.

ഇന്ത്യയിലെ ഓണ്‍ലൈന്‍ ജ്യോതിഷ വിപണിയുടെ മൂല്യം ഏകദേശം 10.2 കോടി മുതല്‍ 10.6 കോടി ഡോളര്‍ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2030ഓടെ വിപണി പത്തിരട്ടിയായി വളരുമെന്നും വിലയിരുത്തലുണ്ട്.

ജ്യോതിഷ ആപ്പുകളിലേക്കുള്ള നിക്ഷേപവും കൂടുകയാണ്. 2015ല്‍ ഏകദേശം 88,000 ഡോളറായിരുന്ന വെഞ്ച്വര്‍ നിക്ഷേപം 2024ല്‍ ഏകദേശം അഞ്ച് കോടി ഡോളറിലെത്തി.

ഓഹരി വിപണിയിലും ജ്യോതിഷം

ഓഹരി വിപണി ഇടിയുമ്പോള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തിരച്ചിലുകള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരി നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ സെബി നടപടിയെടുത്തിട്ടുണ്ട്.

നിര്‍മിതബുദ്ധി (AI) ഉപയോഗിക്കുന്നതാണ് ഈ മേഖലയിലെ പുതിയ സാധ്യത. മനുഷ്യ ജ്യോതിഷികളുടെ സഹായമില്ലാതെ കൂടുതല്‍ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഐ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞേക്കും.

ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെങ്കിലും അതിനെ ആശ്രയിച്ചുള്ള ഡിജിറ്റല്‍ ബിസിനസ് അതിവേഗം വളരുകയാണെന്നാണ് ആസ്‌ട്രോടോക്കിന്റെ വരുമാനക്കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```