ഫിന്‍ടെക് രംഗത്ത് മുന്നേറി ഇന്ത്യ, ഇതുവരെ ലഭിച്ചത് 29 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ്

ആഗോളതലത്തില്‍ ഫിന്‍ടെക് (Fintech) രംഗത്ത് മുന്നേറി ഇന്ത്യ. ഇതുവരെ (ജനുവരി 2017-ജൂലൈ 2022) 2,084 ഡീലുകളിലായി 29 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗാണ് രാജ്യത്തെ വിവിധ ഫിന്‍ടെക് കമ്പനികള്‍ നേടിയത്. ആഗോള ഫണ്ടിംഗിന്റെ 14 ശതമാനമാണിത്. കൂടാതെ, കരാര്‍ വോള്യത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (BCG) മാട്രിക്‌സ് പാര്‍ട്‌ണേഴ്സ് ഇന്ത്യയും തയ്യാറാക്കിയ ഫിന്‍ടെക് യൂണിയന്‍ (Fintech) 2022 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫിന്‍ടെക് മേഖലയിലെ ഇന്ത്യയുടെ സിഎജിആര്‍ 20 ശതമാനമാണ്. യുഎസ് (16 ശതമാനം), യുകെ (15 ശതമാനം), ചൈന (10 ശതമാനം) എന്നിവയേക്കാള്‍ കൂടുതലാണിത്. 7,460 ഫിന്‍ടെക് കമ്പനികളുള്ള ഇന്ത്യ ഇപ്പോള്‍ യുഎസിനും (22,290), ചൈനയ്ക്കും (8,870) പിന്നില്‍ മൂന്നാമതാണ്. ഇന്ത്യയി യൂണികോണായ 106 കമ്പനികളില്‍ 23 എണ്ണവും ഫിന്‍ടെക്ക് കമ്പനികളാണ്.
2008 മുതല്‍ രാജ്യത്ത് ഫിന്‍ടെക്ക് കമ്പനികളുണ്ടെങ്കിലും അടുത്തിടെയാണ് ഇവയുടെ ഉപയോഗം വ്യാപകമായത്. 2014 നും 2021 നും ഇടയില്‍ ഫിന്‍ടെക്കുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 2015 വരെ ഫണ്ടിംഗ് കുറവായിരുന്നു, അതിനുശേഷം ഈ മേഖലയ്ക്ക് അതിവേഗ ധനസഹായം ലഭിച്ചു.
രാജ്യത്തെ ഡിജിറ്റല്‍ നിക്ഷേപത്തിന്റെ അളവ് 2021-ല്‍ 4.5 ദശലക്ഷത്തില്‍ നിന്ന് 2022-ല്‍ 9 ദശലക്ഷമായാണ് വളര്‍ന്നത്. 100 ശതമാനത്തിന്റെ വളര്‍ച്ച.


Related Articles
Next Story
Videos
Share it