അനില്‍ അംബാനിയുടെ കടം ₹23,600 കോടി; തിരിച്ചുകിട്ടുക വെറും ₹10,000 കോടി

ശതകോടീശ്വരന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കാപ്പിറ്റല്‍ ബാങ്കുകള്‍ക്കും മറ്റുമായി വീട്ടാനുള്ളത് 23,666 കോടി രൂപ. എന്നാല്‍, റിലയന്‍സ് കാപ്പിറ്റലിനെ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് 9,650 കോടി രൂപ മാത്രമേ നല്‍കാനാകൂ എന്ന് അറിയിച്ചതോടെ റിലയന്‍സിന് കടം നല്‍കിയ സ്ഥാപനങ്ങള്‍ വെട്ടിലായിരിക്കുകയാണ്. ഹിന്ദുജ നല്‍കുന്ന 9,650 കോടി രൂപയും റിലയന്‍സ് കാപ്പിറ്റലിന്റെ കൈവശമുള്ള 430 കോടി രൂപയും ചേര്‍ത്ത് 10,080 കോടി രൂപ മാത്രമേ തിരിച്ചുപിടിക്കാനാകൂ എന്ന സ്ഥിതിയാണുള്ളത്.

ഹിന്ദുജ ഗ്രൂപ്പിന് കീഴിലെ ഇന്‍ഡ്‌സ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് കമ്പനിയാണ് റിലയന്‍സ് കാപ്പിറ്റലിനെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കല്‍ വില ഉയര്‍ത്തണമെന്ന് റിലയന്‍സിന് വായ്പ നല്‍കിയ സ്ഥാപനങ്ങളുടെ സമിതി (കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ്) ആവശ്യപ്പെട്ടെങ്കിലും നേരിയ വര്‍ദ്ധന മാത്രം വരുത്താനാണ് ഹിന്ദുജ സമ്മതിച്ചത്. ഇതോടെയാണ് ഏറ്റെടുക്കല്‍ തുക 9,650 കോടി രൂപയായത്. റിലയന്‍സ് കാപ്പിറ്റലില്‍ നിന്ന് 13,000 കോടി രൂപയെങ്കിലും തിരിച്ചുപിടിക്കാമെന്നായിരുന്നു കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്റെ പ്രതീക്ഷ.
ഹിന്ദുജയുടെ പദ്ധതി അടുത്തയാഴ്ച
റിലയന്‍സ് കാപ്പിറ്റലിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച പദ്ധതി (റെസൊല്യൂഷന്‍ പ്ലാന്‍) അടുത്തയാഴ്ച ഹിന്ദുജ സമര്‍പ്പിച്ചേക്കും. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിലുള്ള എല്‍.ഐ.സി., ഇ.പി.എഫ്.ഒ., ജെ.സി ഫ്‌ളവേഴ്‌സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവയാണ് ഇത് പരിശോധിക്കേണ്ടത്. ഇവര്‍ അംഗീകരിച്ചാല്‍ മാത്രമേ റെസൊല്യൂഷന്‍ പ്ലാന്‍ നടപ്പാക്കൂ. സുപ്രീം കോടതിയും റെസൊല്യൂഷന്‍ പ്ലാന്‍ അംഗീകരിക്കേണ്ടതുണ്ട്.
Related Articles
Next Story
Videos
Share it