ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വരാനിരിക്കുന്ന റിപ്പോര്‍ട്ട് ഗ്രൂപ്പിനെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനെന്ന് അദാനി
അദാനി ഗ്രൂപ്പിനെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താന്‍ ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ശ്രമിക്കുകയാണെന്ന് ഗൗതം അദാനി. പഴയതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഈ മാധ്യമം ഉന്നയിക്കുന്നത്. പൊതുതാല്‍പ്പര്യത്തിന്റെ മറവില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കമ്പനിക്കെതിരെ നിരന്തരമായ വ്യാജ പ്രചാരണം ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തുകയാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.
ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍
കല്‍ക്കരിയുടെ ഇറക്കുമതി വില ഉയര്‍ത്തിക്കാട്ടി കൃത്രിമം നടത്തിയെന്ന് അവകാശപ്പെട്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ഒരു വാര്‍ത്ത ആസൂത്രണം ചെയ്യുകയാണെന്ന് ഗ്രൂപ്പ് പറയുന്നു. യഥാര്‍ത്ഥ വിലയും ഇന്‍വോയ്സ് ചെയ്ത വിലയും തമ്മിലുള്ള ഈ പൊരുത്തക്കേട് നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. ഇത്തരത്തില്‍ അദാനി ഗ്രൂപ്പിന്റെ ബിസിനസ് രീതികളെ വിമര്‍ശിച്ച് നിരവധി ലേഖനങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അവയെല്ലാം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.
2023 ഓഗസ്റ്റ് 31ന് അദാനി ഗ്രൂപ്പിനെതിരെ തെറ്റായ വിവരം നല്‍കിയ ഫിനാന്‍ഷ്യല്‍ ടൈംസ് ജേണലിസ്റ്റായ ഡാന്‍ മക്രം കമ്പനിക്കെതിരെ കഥ മെനയുകയാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ജര്‍മ്മന്‍ സാമ്പത്തിക സേവന സ്ഥാപനമായ വയര്‍കാഡിലെ തട്ടിപ്പ് വെളിപ്പെടുത്തിയ പത്രപ്രവര്‍ത്തകനാണ് ഡാന്‍ മക്രം. പിന്നീട് കമ്പനിക്ക് പാപ്പരത്തത്തിന് ഫയല്‍ ചെയ്യേണ്ടിവന്നു. ഈ കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും അന്ന് ക്രിമിനല്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം അദാനി ഗ്രൂപ്പിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗും ഓഹരിയിലെ ഇടിവും
അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരിയില്‍ അദാനി ഗ്രൂപ്പിനെ അക്കൗണ്ട് തട്ടിപ്പും ഓഹരി കൃത്രിമവും ആരോപിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും കമ്പനി ഓഹരികളില്‍ വലിയ ഇടിവുണ്ടായി. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇന്ത്യന്‍-അമേരിക്കന്‍ നിക്ഷേപകന്‍ രാജീവ് ജെയിന്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദാനി കമ്പിനികളുടെ ഓഹരികള്‍ മെച്ചപ്പെട്ടു.