ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ടോട്ടല്‍ ഗ്യാസ് ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞ് ഷാ ധന്‍ധാരിയ

അദാനി ഗ്യാസ് കമ്പനിയുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനമായ ഷാ ധന്‍ധാരിയ ആന്‍ഡ് കമ്പനി അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ നിന്നും കരാര്‍ ഒഴിഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ വഞ്ചന, സ്റ്റോക്കില്‍ കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ജനുവരി 24 ലെ റിപ്പോര്‍ട്ടില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാ ധന്‍ധാരിയ എന്ന കമ്പനിയെ കുറിച്ച് ചില പാരാമര്‍ശങ്ങളുണ്ടായിരുന്നു.

പരിചയസമ്പത്ത് പോരാ

അദാനി ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിന്റെയും സിറ്റി ഗ്യാസ് റീറ്റെയ്‌ലര്‍ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന ഷാ ധന്‍ധാരിയ ഒരു ചെറിയ സ്ഥാപനമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസ്താവിച്ചു. മാത്രമല്ല ഷാ ധന്‍ധാരിയയ്ക്ക് അദാനി ഗ്രൂപ്പ് കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള ശേഷിയോ, പരിചയസമ്പത്തോ ഇല്ലെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തുടര്‍ന്ന് അവകാശപ്പെട്ടത്.

ഇത്രയും വലിയ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് ഷാ ധന്‍ധാരിയ കമ്പനിയുമായി കരാറിലേര്‍പ്പെടുമ്പോള്‍ ഓഡിറ്റ് പങ്കാളിക്ക് 23 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഈ തീരുമാനത്തെ ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്തിരുന്നു.

ആരോപണം നിഷേധിച്ച് ഗ്രൂപ്പ്

വഞ്ചന, അഴിമതി, ഓഹരി കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതു മുതല്‍ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ (140 ബില്യണ്‍ യുഎസ് ഡോളര്‍) ഇടിവുണ്ടായി. എന്നാല്‍ അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

Related Articles
Next Story
Videos
Share it