വിദേശ പഠനത്തിന് പ്ലാനുണ്ടോ? എങ്കിലിതാ ഓസ്‌ട്രേലിയയില്‍ നിന്നൊരു സന്തോഷവാര്‍ത്ത
വിദേശത്ത് പോയി പഠിക്കണം, അവിടെ ജോലി ചെയ്യണം, സെറ്റില്‍ ആവണം... ഇന്ത്യയിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെയും ആഗ്രഹമിതായിരിക്കും. ഇതിന്റെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്ന് യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദേശപഠനത്തിന് പോകുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാലിതാ ഇപ്പോള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വിദേശ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയാണ് ഓസ്‌ട്രേലിയ. സ്‌കില്‍ ഷോര്‍ട്ടേജുള്ള വിഭാഗത്തില്‍ ഉപരിപഠനത്തിനെത്തുന്നവര്‍ക്ക് പഠനത്തിന് ശേഷം കൂടുതല്‍ ആനുകൂല്യങ്ങളും രാജ്യത്ത് നില്‍ക്കാനുള്ള അവസരവുമാണ് ഈ രാജ്യം നല്‍കുന്നത്.
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ ബിരുദം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ സ്റ്റേബാക്ക് (പഠനത്തിന് ശേഷം രാജ്യത്ത് നില്‍ക്കാവുന്ന കാലവധി) രണ്ട് വര്‍ഷമായാണ് ഉയര്‍ത്തിയത്. ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജെയ്സണ്‍ ക്ലെയര്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബിരുദധാരികള്‍ക്ക് നാല് വര്‍ഷവും ബിരുദാനന്തര ബിരുദധാരികള്‍ക്ക് അഞ്ച് വര്‍ഷവും പിഎച്ച്ഡി ഉള്ളവര്‍ക്ക് ആറ് വര്‍ഷവും പഠനത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ തുടരാന്‍ നിയമത്തിലെ മാറ്റം അനുവദിക്കും.
നിലവില്‍, വിദേശ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷവും ബിരുദാനന്തര ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷവും ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷവുമായിരുന്നു രാജ്യത്ത് തുടരാന്‍ അനുവദിച്ചിരുന്നത്. ഏതൊക്കെ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിക്കുകയെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം, നഴ്സിംഗ്, എഞ്ചിനീയറിംഗ്, ഐടി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.