ഡീസൽ വാഹനങ്ങൾക്ക് ഉയർന്ന നികുതി? നിതിൻ ഗഡ്കരിയുടെ പ്രസ്താവന തിരിച്ചടിയായി

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ 3 ശതമാനത്തോളം താഴ്ചയില്‍
Nitin Gadkari, Minister of Road Transport & Highways
Image Credit : FB /Nitin Gadkari
Published on

ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചേക്കുമെന്ന കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെ തുടര്‍ന്ന് കാര്‍ നിര്‍മാണ കമ്പനികളുടേയും എണ്ണ കമ്പനികളുടേയും ഓഹരിയില്‍ വന്‍ ഇടിവ്.

ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ 2.62 ശതമാനം താഴ്ന്ന് 620.70 രൂപയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി 2.88 ശതമാനം ഇടിഞ്ഞ് 1,536.55 രൂപയുമായി. മാരുതി ഓഹരിയിലും ഇടിവ് രേഖപ്പെടുത്തി.

സ്വരാജ് എന്‍ജിന്‍സ്, അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ മൂന്ന് ശതമാനത്തിനടുത്ത് വില ഇടിവ് രേഖപ്പെടുത്തി. അശോക് ലെയ്‌ലാന്‍ഡ് ഓഹരി 178.30 രൂപയിലും സ്വരാജ് എന്‍ജിന്‍സ് 2071.45 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എണ്ണ വില്‍പ്പന കമ്പനികളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഓഹരി 4.57 ശതമാനം ഇടിഞ്ഞ് 253.70 രൂപയായി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഹരി 3.77 ശതമാനം ഇടിഞ്ഞ് 350 രൂപയിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഹരി വില 3.36 ശതമാനം ഇടിഞ്ഞ് 91.97 രൂപയുലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സജീവ പരിഗണനയില്ലെന്ന്

മലിനീകരണം തടയുന്നതിനും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിര്‍ദേശമെന്നാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞത്. എന്നാല്‍ അധിക നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും സജീവ പരിഗണനയിലില്ലെന്ന് അദ്ദഹം പിന്നീട് എക്സിൽ (പഴയ ട്വിറ്റർ) വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഓഹരികളില്‍ ചെറിയ തിരിച്ചു വരവുണ്ടായെങ്കിലും നഷ്ടത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

2070ഓടെ കാര്‍ബണ്‍ നെറ്റ് സീറോ രാജ്യമായി മാറുന്നതിനും ഡീസല്‍ പോലുള്ള അപകടകരമായ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണ തോത് കുറയ്ക്കുന്നതിനും ദ്രുതഗതിയിലുള്ള വാഹന വില്‍പ്പനയ്ക്ക് അനുസരിച്ച് ബദല്‍ വാഹനങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 89 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇത് വലിയ വെല്ലുവിളിയാണ്. ഇതിനു പരിഹാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബദല്‍ ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നുമായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഇക്കഴിഞ്ഞ മേയില്‍ പെട്രോളിയം മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. 2027 ഓടെ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ നിരോധിച്ച് വൈദ്യുത, സി.എന്‍.ജി വാഹനങ്ങള്‍ മാത്രമാക്കാനായിരുന്നു നിര്‍ദേശം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com