സ്വയം വിരമിക്കല്‍ പദ്ധതികളുമായി കമ്പനികള്‍
ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകാന്‍ അവസരമൊരുക്കി രാജ്യത്തെ വിവിധ മേഖലകളിലെ വന്‍കിട കമ്പനികള്‍. ഓട്ടോ മൊബീല്‍- അനുബന്ധ, എന്‍ജിനീയറിംഗ്, മെറ്റല്‍സ്, മൈനിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് വോളന്ററി റിട്ടയര്‍മെന്റ് സൗകര്യം ഒരുക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പൂര്‍ണമായ തോതില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചിട്ടില്ലെന്നത് വിആര്‍എസ് നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. മാത്രമല്ല, പുതിയ ആളുകളെ നിയമിക്കുന്നതിനുള്ള അവസരമായും കമ്പനികള്‍ ഇതിനെ കാണുന്നു.
ഓട്ടോ മൊബീല്‍ മേഖലയില്‍ നിന്ന് ടയര്‍ ഉല്‍പ്പാദകരായ അപ്പോളോ ടയേഴ്‌സ്, ട്രക്ക് ഉല്‍പ്പാദകരായ അശോക് ലെയ്‌ലാന്‍ഡ്, കാര്‍ ഉല്‍പ്പാദകരായ ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയ കമ്പനികള്‍ ഇതിനകം വിആര്‍എസ് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോണ്ട കാര്‍സ്, ഭാരത് ഫോജ്, ബിഎംഡബ്ല്യു, തെര്‍മാക്‌സ് തുടങ്ങിയ കമ്പനികളും വിആര്‍എസ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൊയോട്ട കിര്‍ലോസ്‌കര്‍ നവംബറിലാണ് വിആര്‍എസ് സ്‌കീം പ്രഖ്യാപിച്ചത്. സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കും വര്‍ക്ക്‌മെന്‍ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കുമായാണിത്. അവസാനം വാങ്ങിയ ശമ്പളം, സീനിയോറിറ്റി, സ്ഥാപനത്തില്‍ ബാക്കിയുള്ള സേവന കാലയളവ് തുടങ്ങിയവ പരിഗണിച്ചാവും ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കുക. ജീവനക്കാരനും കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ലീവ് എന്‍കാഷ്‌മെന്റ് തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും സ്വയം വിരമിക്കല്‍ പദ്ധതി സ്വീകരിക്കുന്നവര്‍ക്ക് ടൊയോട്ട കിര്‍ലോസ്‌കര്‍ നല്‍കും.
സാമ്പത്തിക- ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ സ്വീകരിച്ച് സ്വയം പിരിഞ്ഞു പോകാന്‍ ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സും ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നു. ജനുവരിയില്‍ തന്നെ കമ്പനി ഇതു സംബന്ധിച്ച നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
കോവിഡ് വ്യാപകമായതിനു പിന്നാലെ കമ്പനികള്‍ വ്യാപകമായി വിആര്‍എസ് പദ്ധതികള്‍ പ്രഖ്യാപിച്ചു വരുന്നുണ്ടെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓട്ടോ മൊബീല്‍ മേഖലയിലടക്കം ഉല്‍പ്പാദന ശേഷിയുടെ വിനിയോഗം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയാണിത് എന്നതു കൊണ്ടു തന്നെ ജീവനക്കാരെ പിരിച്ചു വിടുന്നതിനു പകരം വിആര്‍എസ് നല്‍കി ഒഴിവാക്കാനാണ് കമ്പനികളുടെ ശ്രമം.
2-5 വര്‍ഷം വരെ സേവനം ബാക്കിയുള്ള കൂടുതല്‍ ശമ്പളം പറ്റുന്ന സീനിയര്‍ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പല കമ്പനികളും വി ആര്‍ എസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചില കമ്പനികള്‍ 40 വയസ് കഴിഞ്ഞവര്‍ക്കെല്ലാം ഈ ഓഫര്‍ നല്‍കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ 12 മുതല്‍ 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയും മറ്റൊരു ജോലി കണ്ടെത്തുന്നതിനുള്ള സഹായവും കമ്പനി നല്‍കുന്നുണ്ട്.