'ഉദ്യോഗസ്ഥ മനോഭാവം മാറിയാൽ കേരളത്തിൽ ആയുർവേദ വ്യവസായം തഴച്ചു വളരും'

ആയുസിനെക്കുറിച്ചുള്ള വേദം ആണ് ആയുർവേദം. ആയുസിന്റെ പരിപാലനത്തെക്കുറിച്ചുള്ള അറിവും അത് ലഭിക്കാനുള്ള ലളിതമായ മാർഗങ്ങളും വിവരിക്കുന്ന ഒരു സമ്പൂർണ്ണ ജീവ ശാസ്ത്രം. പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ ശരീരികവും മാനസികവുമായ ഉണർവിന് ആയുർവേദ ചികിത്സകൾ അത്യന്താ പേക്ഷിതമായി മാറിയപ്പോൾ പ്രായോഗികവും നേർവഴിയുള്ളതുമായ ചികിത്സകളിലൂടെ കേരളം ആയുർവേദത്തിന്റെ നാടെന്ന് ലോകത്ത് അറിയപ്പെട്ടു.

ഇതിനെ തുടർന്ന് വിദേശികളും സ്വദേശികളും കേരളത്തിൽ ആയുർവേദ ചികിത്സകൾക്കായി ഒഴുകിയെത്തി. ഒരിക്കൽ വന്നവർ തന്നെ കേരളത്തിന്റെ ആയുർവേദ പ്രചാരകരായും മാറി. മലയാളിയുടെ നാട്ടിലെ ആയുർവേദ പാരമ്പര്യത്തെക്കുറിച്ചും ഔഷധങ്ങളെക്കുറിച്ചും ലോകത്ത് ചർച്ചകൾ നടന്നു. ചികിത്സക്കെത്തിയ സ്വദേശികളും വിദേശികളും മറ്റ് മരുന്നുകളെ മറന്ന് ആയുർവേദ ഔഷധങ്ങളുമായി മടങ്ങി. ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശുദ്ധമായ സമർപ്പണം ആണ് കേരളത്തെ ആയുർവേദ ചികിത്സയിൽ ഏറ്റവും മുൻപന്തിയിൽ എത്തിച്ചത്. കാലാ കാലങ്ങളിൽ ചികിത്സകളിൽ ചില പരിഷ്കരണങ്ങളൊക്കെ നടത്തി ഇവർ മുന്നോട്ട് കുതിച്ചപ്പോൾ സർക്കാരിന് കോടിക്കണക്കിനു രൂപയാണ് നികുതി ഇനത്തിൽ ലഭിച്ചത്. നിലവിൽ കേരളത്തിന്റെ ടൂറിസം വരുമാനത്തിന്റെ 40ശതമാനം ആയുർവേദ മേഖലയിൽ നിന്നാണ്.
ആയുർവേദ ചികിത്സയുടെ കീർത്തി അതിരുകളില്ലാതെ പ്രചരിക്കുമ്പോഴും കേരളം ഇനിയും എത്രയോ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന വിലയിരുത്തലാണ് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ആയുർവേദ ചികിത്സകൻ പത്മശ്രീ ഡോക്ടർ ജെ. ഹരീന്ദ്രൻനായർ അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ നിലവിലുള്ള ചെറിയ ഒരു വിഭാഗം ഉദ്യഗസ്ഥരുടെ മനസിക അവസ്ഥ മാറിയാൽ ഇനിയും വലിയൊരു മാറ്റം ആയിരിക്കും ഈ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. താൻ പ്രധാനമായും ഒരു ആയുർവേദ ഔഷധനിർമ്മാതാവാണ്. ഈ രംഗത്തിന് കഴിഞ്ഞ കാലങ്ങളിൽ നേതൃത്വം നൽകിയിരുന്ന ചില ഉദ്യോഗസ്ഥർ കാരണം ധാരാളം പ്രശ്നം നേരിടേണ്ടിവന്നിട്ടുള്ളതായി രാജ്യത്ത് തന്നെ വളരെ കീർത്തികേട്ട ആയുർവേദ ഉൽപ്പന്ന നിർമ്മാതാക്കളായ പങ്കജ കസ്തൂരി ഹെർബൽസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ കൂടിയായ ഡോക്ടർ ഹരീന്ദ്രൻ നായർ പറയുന്നു.
പ്രത്യേകിച്ചും 2010-2017 കാലഘട്ടത്തിൽ ആയുർവേദ ഡ്രഗ്സ് വിഭാഗത്തിന്റെ ലൈസൻസിങ് അതോറിറ്റിയുടെ വളരെ നെഗറ്റീവ് ആയ പല തീരുമാനങ്ങളും കേരളത്തിൽ ആയുർവേദ വ്യവസായത്തെ പിന്നിലാക്കാൻ കാരണമായിട്ടുണ്ട്.
അവരെ നിയന്ത്രിച്ചിരുന്ന മേലുദ്യോഗസ്ഥർ പലപ്പോഴും വ്യവസായ വിരോധികളായി മാറി. മുൻവിധിയോടെ ഈ രംഗത്തു പ്രവർത്തിക്കുന്നവരെ കാണുകയും അവരെല്ലാം കള്ളന്മാരാണ് എന്ന് ചിത്രീകരിക്കുകയും ചെയ്തു.എന്നാൽ സ്വജനപക്ഷപാതം ഇവർ മുറ പോലെ നടത്തുകയും ചെയ്തു. അത് ഏവർക്കും അറി മായിരുന്ന കാര്യമായിരുന്നു.
അധികൃതർക്ക് ഇതൊക്കെ കാണിച്ചു, ആ സമയത്തു പരാതിയും നൽകിയിട്ടുണ്ട്. ധാരാളം ആയുർവേദ ഔഷധ നിർമാതാക്കൾ ഉദ്യോഗസ്ഥരുടെ നിഷേധ ഭാവത്തിന്റെ ഇരകളായിരുന്നു. അതല്ലായിരുന്നെങ്കിൽ കേരളത്തിലെ ആയുർവേദ വ്യവസായം ഇതിനെക്കാൾ എത്രയോ വികസിക്കുമായിരുന്നു.
ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം കാരണം ഒട്ടേറെ നഷ്ടങ്ങളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തനിക്ക് വ്യക്തിപരമായും ഉണ്ടായിട്ടുള്ളത്. ലോൺ ലൈസൻസ് തരാതിരിക്കുക, പുതിയ ലൈസൻസുകൾ നൽകാതിരിക്കുക, ഉദ്പാദകർക്കെതിരെ അനാവശ്യ നിയമ നടപടി കൈകൊള്ളാൻ കീഴ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുക തുടങ്ങിയവ കാരണം ധാരാളം നഷ്ടങ്ങൾ തനിക്കും മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ട്.
ഡിപ്പാർട്മെന്റിലെ ഏവർക്കും ഇതെല്ലാം അറിയാവുന്നതുമാണ്. കേരളത്തിൽ വ്യവസായം എന്നാൽ ഇതൊക്കെയാണ് എന്ന് സമാധാനിച്ചു സ്വയം സഹിക്കുകയായിരുന്നു.
ഇപ്പോൾ അതൊക്കെ മാറാൻ തുടങ്ങിയിരിക്കുന്നെങ്കിലും സംരംഭകരെ ഉപദ്രവിക്കുക ശീലമായിപ്പോയതിനാൽ ചെറിയരീതിയിൽ ഇപ്പോഴും ഉണ്ട്. അനാവശ്യമായി അധികാരം കാണിക്കുക, സമൂഹത്തിൽ കളിയാക്കുക തുടങ്ങിയവ ഈ ഉദ്യോഗസ്ഥരുടെ ശീലമാണ്. ഇതൊക്കെ കഴിഞ്ഞ 33വർഷമായി കണ്ട് കൊണ്ടിരിക്കുന്നു.
വ്യവസായ സൗഹൃദ മനസ്സുള്ള ഉദ്യോഗസ്ഥരെ ഉൾകൊള്ളിച്ചു ഒരു പരാതി പരിഹാര വിഭാഗം ഉണ്ടാക്കിയാൽ ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും.എല്ലാ ഡിപ്പാർട്മെന്റ് കളെയും കൂട്ടിയോജിപ്പിച്ചു ഒരു ഏകജാലക സംവിധാനം ആവശ്യമായി വന്നിരിക്കുന്നു. അത് കേരളത്തിലെ വ്യവസായ പുരോഗതിക്കു സഹായിക്കും.
കേരളത്തിലെ വ്യവസായപ്രതിനിധികളും, ഉദ്യോഗസ്ഥരും, രാഷ്ട്രീയ രംഗത്തെ പ്രതിനിധി കളും ചേർന്ന കൂട്ടായിട്ടുള്ള ഫോറങ്ങൾ പുതിയതായി ഉണ്ടാക്കുകകയും അതിൽ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം ഉണ്ടാക്കുകയും വേണം. ഉദ്യോഗസ്ഥരുടെ വ്യവസായ വിരുദ്ധ രീതികൾ കണ്ടെത്താനും പരാതികൾ ലഭിച്ചാൽ കേവലം ഒരു ചെറിയകാര്യമായി അതിനെ കാണാതെ വളരെ വേഗത്തിൽ നിജസ്ഥിതി മനസ്സിലാക്കി തിരുത്താനും തയാറാകണം. കഴിഞ്ഞ കാലങ്ങളിൽ ആയുർവേദ രംഗത്ത് ഇത്തരം ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ ഇപ്പോൾ ഉള്ളതിലും കൂടുതൽ ആയുർവേദ സ്ഥാപനങ്ങൾ ഉണ്ടായിരുന്നേനെ.
ആയുർവേദരംഗത്തെ ആധുനിക ഗുണമേന്മ, നിഷ്കർഷകൾ, നിബന്ധനകൾ എല്ലാം കാരണമാണ് അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നത് എന്നൊക്കെ സമർഥിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ സത്യം അതല്ല എന്ന് എല്ലാപേർക്കും അറിയാം. സംരംഭക സൗഹൃദ മനസ്സുള്ള ഉദ്യഗസ്ഥരെ കണ്ടെത്തി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിയമിക്കണം.കേരളത്തിന്‌ പുറത്തുനിന്നും പുതിയസംരംഭകരെ ആകർഷിക്കുകയും അവർക്കു വേണ്ടുന്ന സൗകര്യം ഒരുക്കുകയും വേണം.
അനുകൂല മനോഭാവം ഉള്ള ഉദ്യോഗസ്ഥരെ ഉൾകൊള്ളിച്ചു ഒരു ഏകജാലക സംവിധാനം ഉണ്ടായാൽ കുറെയൊക്കെ പരിഹാരം ഉണ്ടാക്കാൻ കഴിയും. വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം എന്ന് മറ്റു സംസ്ഥാനങ്ങളിൽ പരസ്യം ചെയ്തു കേരളത്തിലേക്ക് സംരംഭകരെ ക്ഷണിച്ചു വരുത്തണം.വ്യവസായങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും പ്രഖ്യാപിക്കണം. നിലവിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതിന് വളരെ വേഗത്തിൽ പരിഹാരം കാണാൻ രാഷ്ട്രീയ രംഗത്തുള്ളവരും ഗവണ്മെന്റും ശ്രമിക്കണം. വിട്ടുവീഴ്ച യോടെ ഇത്തരം കാര്യങ്ങളിൽ എല്ലാവരും ഇടപെടണം.
1400 ൽപരം ആൾക്കാർ പങ്കജ കസ്തൂരി ഗ്രൂപ്പിൽ ഉണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഈ രംഗത്ത് നിൽക്കുന്ന തനിക്ക് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കിയിട്ടില്ല.പകരം വിഷമ ഘട്ടങ്ങളിൽ സഹായിച്ചിട്ടേ ഉള്ളൂ.ഇതാരെയും മണിയടിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. വ്യവസായങ്ങൾ നിലനിൽക്കാൻ സഹായിക്കുന്നവരാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും അവരുടെ തൊഴിലാളി സംഘടനകളും.
പക്ഷെ സത്യം ഇതാണെങ്കിലും കഴിഞ്ഞ കാലങ്ങളിലെ ഏതോ പ്രശ്നങ്ങൾ കാരണം ഇന്നും കേരളത്തിന് വളരെ മോശമായ ഒരു പേരാണുള്ളത്. അത് മാറ്റാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നായിപ്രയത്നിക്കേണ്ടിയിരിക്കുന്നു.


Noushadali
Noushadali  
Next Story
Share it