ആയുര്‍വേദം തേടി എത്തുന്നവര്‍ക്കായി ഇനി 'ആയുഷ് വിസ'
ആയുര്‍വേദ ചിത്സയ്‌ക്കെത്തുന്നവര്‍ക്ക് പ്രത്യേകമായി വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വിസ നല്‍കുന്ന വിവിധ വിഭാഗങ്ങളിലേക്ക് ആയുഷ് വിസ എന്ന കാറ്റഗറിയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.
ആയുഷ് വിസ(AY), ഇന്ത്യന്‍ മെഡിസിന്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ ചികിത്സ തേടുന്ന വിദേശ പൗരന്മാര്‍ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുള്ള വിഭാഗമായിരിക്കും ഇത്. ആയുര്‍വേദം, യോഗ, മറ്റ് പരമ്പരാഗത ചികിത്സാ രീതി, പരമ്പരാഗത രീതിയിലുള്ള ആരോഗ്യ പരിപാലനം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഈ വിസ പ്രയോജനപ്പെടുത്താമെന്ന് കേന്ദ്ര ആയുഷ് മന്ത്രി മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഈ പുതിയ വിസ വിഭാഗം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
കേരളത്തിനും നേട്ടം
കോവിഡ് കാലത്തിനു മുമ്പ് കേരളത്തിലേക്കൊഴുകിയിരുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. മാസങ്ങളോളം നീണ്ട് നില്‍ക്കുന്ന ആയുര്‍വേദ ചികിത്സയ്ക്കായും പ്രകൃതി ചികിത്സയുമായി ബന്ധിപ്പിച്ചുള്ള വെക്കേഷന്‍ ആസ്വദിക്കാനും ധാരാളം സഞ്ചാരികള്‍ എത്തിയിരുന്നിടത്ത് കോവിഡിന് ശേഷം കണക്കുകള്‍ മാറിമറിഞ്ഞു. കുറഞ്ഞത് 1,2 മാസമെന്നത് പരമാവധി രണ്ടാഴ്ച എന്നുള്ളതിലേക്ക് ചുരുങ്ങി.
എന്നിരുന്നാലും ആയുര്‍വേദമുള്‍പ്പെടുന്ന പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ക്കുമൊപ്പം വിനോദ സഞ്ചാരവും കൂടി ബന്ധിപ്പിച്ചുള്ള പാക്കേജുകള്‍ക്ക് സ്വീകാര്യതയേറി വരുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി മെഡിക്കല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നേരത്തേ അറബ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ആയുര്‍വേദ ടൂറിസത്തിനായി കേരളത്തില്‍ ഏറ്റവുമധികം എത്തിയിരുന്നവര്‍. ഇപ്പോള്‍ റഷ്യ, യുക്രെയ്ന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തുന്നുണ്ട്. പുതിയ ആയുഷ് വിസ എത്തുന്നതോടെ വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധന പ്രതീക്ഷിക്കാം.