ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക്, തന്ത്രപ്രധാനമായ നീക്കം മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് വഴി

അദാര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസാണ് പതഞ്ജലിക്ക് ഓഹരികള്‍ വില്‍ക്കുന്നത്‌
baba ramdev, patanjali products
Published on

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചുവടുവയ്‌പെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആയുര്‍വേദ ഉത്പന്നങ്ങളിലൂടെയും വെല്‍നെസ് ഉത്പന്നങ്ങളിലൂടെയും വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള പതഞ്ജലിയുടെ തന്ത്രപ്രധാനമായ നീക്കമായിരിക്കും വളരെ മത്സരാത്മകമായ ഇന്‍ഷുറന്‍സ് വിപണിയിലേക്കുള്ള കടന്നു വരവെന്നാണ് വിലയിരുത്തലുകള്‍. പതഞ്ജലി ആയുര്‍വേദ ഇക്കാര്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഇന്നലെ അറിയിച്ചിട്ടുണ്ട്.

ഇടപാടിനെ തുടര്‍ന്ന് പതഞ്ജലി ആയുര്‍വേദ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പ്രമോട്ടര്‍ റോളിലേക്കുമാറുമെന്നാണ് സൂചന. ഇതോടെ ഭക്ഷ്യ ഉത്പന്നങ്ങള്‍, ചര്‍മ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായൊരു മേഖലയിലേക്ക് കൂടി ബിസിനസ് പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്തുകയാണ് പതഞ്ജലി.

വിവിധ ഗ്രൂപ്പുകള്‍ക്ക് ഓഹരി

വിവിധ ബിസിനസ് ഗ്രൂപ്പുകളാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരി വില്‍പ്പനയുടെ ഭാഗമാകുക. ഇതില്‍ പ്രധാനം സെനോട്ടി പ്രോപ്പര്‍ട്ടീസാണ്. പ്രമുഖ ബിസിനസുകാരന്‍ അദാര്‍ പൂനാവാലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗിസിന്റെയും സംയുക്തസംരംഭമാണിത്. ഏറ്റെടുക്കല്‍ കരാറിന് മുന്‍പ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സില്‍ 74.5 ശതമാനം ഓഹരി പങ്കാളിത്തം സെനോട്ടി പ്രോപ്പര്‍ട്ടീസിനാണ്. ഇതുകൂടാതെ സെലീഷ്യ ഡെവലപ്പേഴ്‌സ്, ജാഗ്വൂര്‍ അഡൈ്വസറി സര്‍വീസസ്, കെകി മിസ്ത്രി, അതുല്‍ ഡി.പി ഫാമിലി ട്രസ്റ്റ്, ഷാഹി സ്റ്റെര്‍ലിംഗ് എക്‌സ്‌പോര്‍ട്‌സ്, ക്യു.ആര്‍.സി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് എന്നിവയും ഓഹരികള്‍ വില്‍ക്കും.

പതജ്ഞലി ആയുര്‍വേദയെ കൂടാതെ എസ്.ആര്‍ ഫൗണ്ടേഷന്‍, റിത് ഫൗണ്ടേഷന്‍, ആര്‍.ആര്‍ ഫൗണ്ടേഷന്‍, സുറുച്ചി എസ്.ആര്‍ ഫൗണ്ടേഷന്‍, സ്വാതി ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളും ഓഹരി ഏറ്റെടുത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്‍ഷുറന്‍സ് നിയന്ത്രണ ഏജന്‍സിയായ ഐ.ആര്‍.ഡി.എ, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, കമ്പനികളുടെ കടപ്പത്ര ഉടമകള്‍, മറ്റ് നിയമാധികാരികള്‍ എന്നിവരുടെ അനുമതിക്ക് ശേഷമാകും ഏറ്റെടുക്കല്‍.

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ സംബന്ധിച്ച് പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും ഇടപാടെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ വിപണി സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പതഞ്ജലിയുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുല്‍ ഉപയോക്താക്കളിലേക്ക് കടന്നു ചെല്ലാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com