₹500 കോടി സമാഹരിക്കാന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (BMH) ഓഹരികള്‍ വിറ്റഴിച്ചുള്ള ധനസമാഹരണത്തിനായി ആഗോള നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. കമ്പനി 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള ഈ ആശുപത്രിയുടെ വിപുലീകരണത്തിനും നാല് വര്‍ഷം മുമ്പ് എടുത്ത വായ്പയുടെ തിരിച്ചടവിനുമായാണ് ഈ ധനസമാഹരണമെന്ന് വിസിസര്‍ക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയ്ക്ക് നല്‍കാനുള്ള പണവും ഈ തുകയില്‍ നിന്നും വിനിയോഗിക്കും
വാങ്ങാന്‍ തയ്യാറായി എത്തിയവര്‍
കേദാരാ ക്യാപിറ്റല്‍, യു.എസിലെ ടി.എ അസോസിയേറ്റ്‌സ്, ഏഷ്യഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിംഗ്‌സ് എന്നീ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 40 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കാന്‍ പ്രൊമോട്ടര്‍മാര്‍ തീരുമാനിച്ചിട്ടില്ല.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനും എം.ഡിയുമായ കെ.ജി അലക്‌സാണ്ടര്‍ 1987ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. 600 ബെഡുകളുടെ സൗകര്യമുള്ള ഈ ആശുപത്രിയില്‍ 650 നേഴ്‌സുമാരും 300 ഡോക്ടര്‍മാരും ഉള്‍പ്പെടെ 2,000 ല്‍ ഏറെ ജീവനക്കാരുണ്ട്. ആശുപത്രിയുടെ അറ്റവരുമാനം 2020-21 ലെ 203 കോടി രൂപയെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 275 കോടി രൂപയായി ഉയര്‍ന്നു.