ബേക്ക് എക്‌സ്‌പോ 2023: ബേക്കറി രംഗത്തെ ഏറ്റവും വലിയ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം
ബേക്കറി ഉല്‍പ്പാദന രംഗത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരും നിർമാതാക്കളും ഒന്നിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സംഗമമായ 'ബേക്ക് എക്‌സ്‌പോ 2023' അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ ആരംഭിക്കുന്നു. ഒക്‌റ്റോബര്‍ 15 വരെ നീളുന്ന എക്‌സ്‌പോയില്‍ ബേക്കറി വ്യവസായ മേഖലയിലെ 20,000ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.
ബേക്കിംഗ്, ബേക്കറി മെഷിനറി മാനുഫാക്ചറേഴ്‌സ്, സപ്ലയേഴ്‌സ്, അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നവര്‍, മെഷിനറി നിർമാതാക്കൾ, ഡീലർമാർ തുടങ്ങി ബേക്കറി മേഖലയുമായി ബന്ധപ്പെട്ട ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന കേരള സംഗമമാണ് ഇത്.
ബേക്കേഴ്‌സ് അസോസിയേഷന്‍ ആണ് എക്‌സ്‌പോയുടെ പ്രധാന സംഘാടകർ. ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്ന സംസഥാനത്തെ ഏറ്റവും വലിയ സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷന്‍ 2006ലാണ് രൂപീകരിച്ചത്.
ബേക്ക് എക്സ്പോയുടെ നാലാം പതിപ്പാണിത്. 2012, 2014, 2016 എന്നീ വര്‍ഷങ്ങളില്‍ വിജയകരമായി നടന്ന എക്‌സ്‌പോ പിന്നീട് പ്രളയവും കോവിഡും മൂലം മുടങ്ങിപ്പോകുകയായിരുന്നുവെന്ന് സംഘാടകർ പറയുന്നു.
55,000-60,000 ചതുരശ്ര അടി വരുന്ന ഹോളിലാണ് എക്‌സ്‌പോ നടക്കുന്നത്. 260 സ്‌റ്റോളുകളാണ് ഉള്ളത്. ബേക്കറികള്‍, റസ്റ്റോറന്റുകള്‍, ഭക്ഷ്യോല്‍പ്പാദന യൂണിറ്റുകള്‍ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ട മെഷിനറികള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഷിനറി മാനുഫാക്ചറേഴ്‌സ് ആണ് എക്‌സ്‌പോയില്‍ അണിനിരക്കുന്നത്.
പ്രത്യേകതകൾ ഏറെ
സംസ്ഥാന എം.എസ്.എം.ഇ ഡെപ്യൂട്ടി ഡയറക്റ്ററായ പ്രകാശ് ജി.എസ് ഉദ്ഘാടനം ചെയ്യുന്ന എക്‌സ്‌പോയില്‍ ആദ്യ ദിനം മഞ്ഞിലാസ് ഫുഡ് പ്രോഡക്ട്സ് (ഡബിൾ ഹോഴ്സ് ) ഡയറക്റ്റർ സജീവ് മഞ്ഞില, ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷനില്‍ നിന്നും പിം.എം ശങ്കരന്‍, കെ.ആര്‍ ബാലന്‍, ബേക്ക് എക്‌സ്‌പോയുടെ ലീഡ് പാര്‍ട്ണറായ ക്രസ്റ്റ് ആന്‍ഡ് ക്രംബ് മാനേജിംഗ് ഡയറക്റ്റര്‍ വര്‍ഷ വിഷ്ണു പ്രസാദ് എന്നിവര്‍ സംസാരിക്കും.
കിരണ്‍.എസ് പാലക്കല്‍, ബിജു പ്രേം ശങ്കര്‍, വിജേഷ് വിശ്വനാഥ്, റോയല്‍ നൗഷാദ്, മുഹമ്മദ് ഫൗസീര്‍, കെ.ആര്‍ ബല്‍റാജ് എന്നിവരടങ്ങുന്ന അഞ്ച് പേരുടെ ടീമാണ് ഈ ബേക്ക് എക്‌സ്‌പോയ്ക്ക് നേതൃത്വം നല്‍കുന്നത്.
''പുതിയ കാലത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പ്രത്യേക ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം പുതിയ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ ശുചിത്വവും ഗുണമേന്മയും ഇന്നൊവേഷനും കൊണ്ടുവരുന്നതെങ്ങനെയെന്നും വിശദമാക്കുന്ന സെഷനുകള്‍.'' പുതിയ മെഷിനറികളുടെ ലൈവ് എക്‌സിബിഷന്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ഇതെന്ന് എക്‌സ്‌പോ ഡറക്റ്ററിലൊരാളായ കെ.ആര്‍ ബല്‍റാജ് പറയുന്നു. ഇന്ത്യന്‍ ബേക്കേഴ്‌സ് അസോസിയേഷന്റെ (I.B.F) പ്രത്യേക സെമിനാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ബേക്കറി വ്യവസായ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലുള്ള ഭാഗമായിട്ടാണ് എക്‌സ്‌പോയെന്ന് ബേക്ക് എക്‌സ്‌പോ ഡയറക്റ്റര്‍ കിരണ്‍.എസ് പാലക്കല്‍ വിശദമാക്കി.