കയറ്റുമതിക്കായി മാലദ്വീപിനെ കൂട്ടു പിടിച്ച് ബംഗ്ലാദേശ്, ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് വരുമാനത്തില്‍ വന്‍ നഷ്ടം
ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉത്പാദക രാജ്യമായ ബംഗ്ലാദേശ് കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലദ്വീപിനെ കൂട്ടു പിടിച്ചത് രാജ്യത്തെ വിമാനത്തവാളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വന്‍ തിരിച്ചടിയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ നിലനില്‍ക്കെയാണ് ബംഗ്ലാദേശിന്റെ നീക്കം.
നേരത്തെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴിയായിരുന്നു ബംഗ്ലാദേശില്‍ നിന്നുള്ള ചരക്കുകള്‍ കൈമാറ്റം നടത്തിയിരുന്നത്. ഇതൊഴിവാകുന്നതോടെ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കാര്‍ഗോ കൈമാറ്റം വഴി ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ കുറവു വരും.
കടല്‍ മാര്‍ഗമുള്ള കൈമാറ്റത്തിന് മാലദ്വീപിനെയാണ് ബംഗ്ലാദേശ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പിന്നീട് വിമാന മാര്‍ഗമാണ് വിദേശ കമ്പനികളായ എച്ച് ആന്‍ഡ് എം, സാറ എന്നിവര്‍ക്ക് ചരക്ക് എത്തിക്കുന്നത്.
ടെക്‌സ്റ്റൈല്‍ കയറ്റുമതിയിലെ വഴി തിരിച്ചു വിടല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണത്തെ ദുര്‍ബലമാക്കുകയും ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് നിരീക്ഷണങ്ങള്‍.
തുറമുഖം വഴിയുള്ള വരുമാനത്തിനും ട്രാന്‍സിറ്റ് ഫീസിനും ഇത് ഭീഷണിയാകുന്നുണ്ട്.
തിരിച്ചു പിടിക്കാന്‍ ശ്രമം
ബംഗ്ലാദേശിന്റെ വമ്പന്‍ വസ്ത്ര കയറ്റുമതിക്ക് പിന്തുണ നല്‍കാന്‍ സംതുലിതമായ മാര്‍ഗം തേടുകയാണ് ഇന്ത്യയെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്കും കൂടി നേട്ടമുണ്ടാക്കാനാകുന്ന വിധത്തില്‍ കയറ്റുമതിയെ മാറ്റാനാണ് ആലോചനകള്‍. ബംഗ്ലാദേശി കയറ്റമുതിയുടെ നല്ലൊരു പങ്കും ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനികളോ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ മേല്‍നോട്ടം നടത്തുന്ന കമ്പനികളോ ആണ്.