

ഒമ്പത് പൊതുമേഖലാ ബാങ്കുകളെ (PSUs) മറ്റ് മൂന്ന് പ്രമുഖ ബാങ്കുകളിലായി ലയിപ്പിക്കാന്‍ ഉത്തരവിട്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിജ്ഞാപനം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയത്തിന്റേതെന്ന വ്യാജേനയുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് ധനമന്ത്രാലയവും അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ രേഖ പ്രകാരം ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച് 'എസ്ബിഐ ഗ്രൂപ്പ്' ആക്കുമെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കുമെന്നും കനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയുടെ ഭാഗമാക്കും എന്നുമാണ് പറയുന്നത്.
എന്നാല്‍, ഇത്തരത്തിലൊരു ലയന പദ്ധതിയും ധനമന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പിഐബി സ്ഥിരീകരിച്ചു. ജൂണ്‍ മാസത്തിലും സമാനമായ രീതിയില്‍ എസ്ബിഐ, പിഎന്‍ബി, കനറ ബാങ്ക് ലയന വാര്‍ത്ത പ്രചരിച്ചപ്പോഴും പിഐബി ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലയന വാര്‍ത്ത പരന്നതോടെ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്കിടയിലും നിക്ഷേപകര്‍ക്കിടയിലും ആശങ്കയുയര്‍ന്നിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് കൃത്യമായ നിയമനടപടിക്രമങ്ങളുണ്ട്. ധനമന്ത്രാലയം, റിസര്‍വ് ബാങ്ക് (RBI) എന്നിവയുടെ അനുമതിക്ക് പുറമെ പാര്‍ലമെന്ററി, റഗുലേറ്ററി അംഗീകാരങ്ങളും ആവശ്യമാണ്. ഇത്തരമൊരു പ്രധാന തീരുമാനം വരാനിരിക്കെ റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി മാത്രം വരുന്ന വിവരങ്ങള്‍ വിശ്വസിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
PIB Fact Check refutes viral Ministry of Finance document claiming major consolidation of nine public sector banks into SBI, PNB, and Bank of Baroda.
Read DhanamOnline in English
Subscribe to Dhanam Magazine