₹33 ലക്ഷം കോടിയുടെ വായ്പകള്‍, 52 കോടി ഗുണഭോക്താക്കള്‍, ഐ.എം.എഫിന്റെ പ്രശംസ നേടിയ വായ്പാ പദ്ധതിക്ക് 10 വയസ്

വായ്പകളിൽ 68 ശതമാനവും ലഭ്യമാക്കിയത് വനിതാ സംരംഭകര്‍
Loan
Bank loansImage by Canva
Published on

പ്രധാനമന്ത്രി മുദ്ര യോജന 10 വര്‍ഷം പൂര്‍ത്തിയാക്കി. ഇതുവരെ ഈടുരഹിത വായ്പകളായി 33 ലക്ഷം കോടി രൂപയാണ് പദ്ധതി വഴി നല്‍കിയത്. 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പദ്ധതി പ്രകാരം 52 കോടി ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്.

ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളും പ്രത്യേകിച്ച് വനിതകളും അടക്കമുള്ള താഴെത്തട്ടിലുള്ള സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ കാര്യമായ പങ്കാണ് പദ്ധതിവഹിക്കുന്നത്. രാജ്യത്ത് പദ്ധതി വഴി വിതരണം ചെയ്ത മൊത്തം വായ്പകളില്‍ 68 ശതമാനവും വനിതാസംരഭകര്‍ക്കാണെന്നത് ഇത് ശരിവയ്ക്കുന്നു. എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം വായ്പകളും എസ്.സി, എസ്.ടി, ഒ.ബി.സി സംരംഭകര്‍ക്കാണ് അനുവദിച്ചത്.

കൂടാത മുദ്രാവായ്പാ ഉപയോക്താക്കളില്‍ 11 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളാണ്.

വലിയ വായ്പകളിലേക്കുള്ള മാറ്റം

50,000 രൂപ വരെ വായ്പ നല്‍കുന്ന 'ശിശു', 50,000 രൂപ മുതല്‍ 5 ലക്ഷം വരെ നല്‍കുന്ന 'കിഷോര്‍', 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ അനുവദിക്കുന്ന 'തരുണ്‍' എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളായാണ് മുദ്ര ലോണ്‍ അവതരിപ്പിക്കുന്നത്.

ആദ്യകാലങ്ങളില്‍ ചെറിയ വായ്പകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാരെങ്കിലും നിലവില്‍ കിഷോര്‍, തരുൺ വായ്പകളാണ് കൂടുതല്‍. 2016 സാമ്പത്തിക വര്‍ഷത്തില്‍ കിഷോര്‍ വായ്പകള്‍ വെറും 5.9 ശതമാനമായിരുന്നത് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.7 ശതമാനമായി.

ശരാശരി വായ്പയുടെ തോത് ഇക്കാലയളില്‍ 38,000 രൂപയില്‍ നിന്ന് 1.02 ലക്ഷം രൂപയുമായി. മൂന്ന് മടങ്ങാണ് വളര്‍ച്ച.

പത്ത് വര്‍ഷത്തിനിടെ വനിതകള്‍ക്ക് അനുവദിച്ച ശരാശരി വായപകള്‍ 13 ശതമാനം വളര്‍ച്ചയോടെ 62,679 രൂപയായി.

ശരാശരി ഡെപ്പോസിറ്റ് ബാലന്‍സും 14 ശതമാനം വളര്‍ച്ചയോടെ 95,269 രൂപയായി.

മുന്നില്‍ തമിഴ്‌നാട്

2025 ഫെബ്രുവരി വരെയുള്ള മുദ്രാ വായ്പകളെടുത്താല്‍ ഏറ്റവും മുന്നില്‍ തമിഴ്‌നാടാണ്. 3.23 ലക്ഷം കോടിയാണ് വായ്പയായി നല്‍കിയത്. 3.14 ലക്ഷം രൂപയുടെ വായ്പകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത് . കേരളം ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കര്‍ണാടക (3.02 ലക്ഷം കോടി), മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ആദ്യ അഞ്ചിലെത്തിയ മറ്റ് സംസ്ഥാനങ്ങള്‍.

കിട്ടാക്കടം 3.6% മാത്രം

മുദ്രാ ലോണുകള്‍ അതിവേഗം വളര്‍ച്ച നേടുന്നുണ്ടെങ്കിലും നിഷ്‌ക്രിയ ആസ്തികളുടെ അനുപാതം വളരെ കുറവാണ്. വെറും 3.6 ശതമാനം മാത്രമാണ് കിട്ടാക്കടം( എന്‍.പി.എ).

രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപിക്കുന്നതില്‍ മുദ്രാ ലോണ്‍ വഹിക്കുന്ന പങ്കിനെ 2024ലെ റിപ്പോര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF) പ്രശംസിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com