നിങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ ഉപദേശകനെ ചുമതലപ്പെടുത്തണോ?

നിങ്ങളുടെ സമ്പത്ത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനുള്ള വഴി
finance
finance
Published on

പണം സമ്പാദിക്കുക എന്നതിനൊപ്പം പ്രാധാന്യമുള്ളതാണ് സമ്പത്ത് കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നതും. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും വിദഗ്ധ ഉപദേശം തേടാനുള്ള വഴികള്‍ താരതമ്യേന കുറവാണ്. അല്ലെങ്കില്‍ എവിടെ നിന്നാണ് സാമ്പത്തിക ആസൂത്രണത്തിനും നിക്ഷേപ ആസൂത്രണത്തിനും ഉള്ള കൃത്യമായ ഉപദേശങ്ങള്‍ ലഭിക്കുക എന്ന് പലര്‍ക്കും അറിയില്ല. ഡോക്ടര്‍ വൈദ്യോപദേശം നല്‍കുകയും അഭിഭാഷകന്‍ നിയമോപദേശം നല്‍കുകയും എന്‍ജിനീയര്‍ സാങ്കേതിക ഉപദേശം നല്‍കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിനെ ഭാവി ആവശ്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കണം എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യം പലര്‍ക്കും ഇല്ലെന്നുതന്നെ പറയാം.

നിങ്ങളുടെ കയ്യിലുള്ള പണം കൈകാര്യം ചെയ്യാന്‍ ഒരു നിക്ഷേപ ഉപദേശകനെ ചുമതലപ്പെടുത്തണോ എന്നുള്ളത് ഒരാളുടെ സ്വതന്ത്രമായ വിവേചനാധികാരമാണ്. ഓരോ ആളുകളും അവരുടെ സാഹചര്യങ്ങള്‍ നോക്കിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്.

ഉപദേശകനെ കണ്ടെത്തുമ്പോള്‍

ഓരോ വ്യക്തിയും പല തിരക്കുകളിലൂടെ മുന്നോട്ട് പോകുന്നവരാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും സമയം കുറവാണെങ്കില്‍ കഴിവുള്ള ഒരു നിക്ഷേപ ഉപദേശകനെ കണ്ടെത്തുന്നത് നല്ലതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

* ഇന്ത്യയില്‍ വ്യത്യസ്തമായ നിക്ഷേപക ഉല്‍പ്പന്നങ്ങളുടെ ഒരു നിരതന്നെ ഉണ്ട്. പലതും സങ്കീര്‍ണമായ സവിശേഷതകള്‍ അടങ്ങിയതാണ്. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഇത്തരം നിക്ഷേപങ്ങളെ ക്രമീകരിക്കാനും നിക്ഷേപിക്കാനും ഒരു നല്ല നിക്ഷേപ ഉപദേശകന്റെ ആവശ്യമുണ്ട്.

* നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ വളരെ ആലോചിച്ചു തന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. തെറ്റായ തീരുമാനങ്ങള്‍ സ്വന്തം സമ്പത്ത് മുഴുവനായും നഷ്ടപ്പെടുത്തിയേക്കാം. വിദഗ്ധ ഉപദേശങ്ങളിലൂടെ പണം നല്ല രീതിയില്‍ നിക്ഷേപിക്കാം.

* നിക്ഷേപ കാര്യങ്ങളിലും സാമ്പത്തിക സാക്ഷരതയിലും വളരെ പിന്നില്‍ നില്‍ക്കുന്ന നമുക്ക് കൃത്യമായ നിക്ഷേപ ഉപദേശകര്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്.

* പലര്‍ക്കും കുടുംബ സ്വത്തായി വളരെ ഉയര്‍ന്ന സമ്പത്ത് പാരമ്പര്യമായി ലഭിച്ചിട്ടുണ്ടാകും. അവര്‍ ഇനി പണം ഉണ്ടാക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ട കാര്യമില്ല. ഉള്ള സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് കൃത്യമായ സാമ്പത്തിക ഉപദേശം മാത്രം നേടിയാല്‍ മതി.

* നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് പോലെ പ്രാധാന്യമുള്ളതാണ് കൃത്യമായ ഇടവേളകളില്‍ അവയുടെ പുരോഗതി വിലയിരുത്തുക എന്നതും. അതിന് വിദഗ്ധ ഉപദേശം അനിവാര്യമാണ്.

നിക്ഷേപ ഉപദേശങ്ങള്‍ പണക്കാര്‍ക്ക് മാത്രമല്ല ആവശ്യം. ഏതൊരു വരുമാനമുള്ളവര്‍ക്കും കൃത്യമായ സാമ്പത്തിക ഉപദേശം സമ്പത്ത് വളര്‍ത്തുന്നതില്‍ അനിവാര്യമാണ്. അവര്‍ കൃത്യമായ രീതിയില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിനും റിസ്‌ക് എടുക്കാനുള്ള ശേഷി മനസിലാക്കിത്തരാനും കൃത്യമായ ഇടവേളകളില്‍ നിക്ഷേപ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താനും സഹായിക്കും.


(സെബി സ്മാര്‍ട്സ്, എന്‍എസ്ഇ, ബിഎസ്ഇ, എന്‍എസ്ഡിഎല്‍, സിഎസ് ഡിഎല്‍, പിഎഫ്ആര്‍ഡിഎ, എന്‍സിഡിഎക്സ്, എന്‍ഐഎസ്എം എന്നിവയുടെ അംഗീകൃത പരിശീലക നാണ് ലേഖകന്‍)

(ധനം മാഗസിന്‍ ജൂലൈ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com