നിങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാൻ എ.ഐ ഏജന്റ്; UPI-യുടെ അടുത്ത വിപ്ലവം; AI പേയ്‌മെന്റുകൾ ​ഉടൻ അവതരിപ്പിച്ചേക്കും

ചെറിയ UPI പേയ്‌മെന്റുകൾ സ്വയം നടത്താൻ AI ഏജന്റുകൾക്ക് അവസരം നൽകുന്ന സംവിധാനം NPCI അവതരിപ്പിക്കുന്നു
UPI introducing AI Agent Protocol
പ്രതീകാത്മക ചിത്രംImage Source: Canva
Published on

രാജ്യത്തെ റീട്ടെയിൽ പണമിടപാടുകളും ഡിജിറ്റൽ സെറ്റിൽമെന്റ് സംവിധാനങ്ങളും നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), ജനപ്രീതിയാ‌ർജിച്ച യു.പി.ഐ (UPI) ശൃംഖലയിൽ നിർണായക മാറ്റത്തിനൊരുങ്ങുന്നു. ഉപയോക്താക്കളുടെ മുൻകൂട്ടിയുള്ള നിർദ്ദേശാനുസരണം, ചെറുകിട പണമിടപാടുകൾ സ്വയം നടത്താൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകൾക്ക് അനുമതി നൽകുന്ന നയരേഖ ഉടൻ അവതരിപ്പിച്ചേക്കുമെന്ന് സൂചന.

സെപ്റ്റംബർ 8 മുതൽ 11 വരെ മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ‘യൂണിഫൈഡ് ഏജന്റ് പ്രോട്ടോക്കോൾ’ (Unified Agent Protocol) എന്ന പേരിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സാങ്കേതിക പ്രവർത്തനം എങ്ങനെ?

നിലവിൽ ഓരോ യു.പി.ഐ ഇടപാടിനും ഉപയോക്താവ് പിൻ (PIN) നൽകി അനുമതി നൽകേണ്ടതുണ്ട്. എന്നാൽ പുതിയ സംവിധാനത്തിൽ, ഉപയോക്താവ് നിശ്ചയിക്കുന്ന തുകയുടെ പരിധികൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കാൻ എ.ഐ ഏജന്റുകൾക്ക് മുൻകൂർ അനുമതി (Pre-authorization) നൽകാനാകും.

  • യു.പി.ഐ സർക്കിൾ (UPI Circle): പ്രധാന അക്കൗണ്ട് ഉടമയ്ക്ക് മറ്റൊരു വ്യക്തിക്ക് നൽകാവുന്ന പണമടയ്ക്കൽ അധികാരം ഇവിടെ എ.ഐ ഏജന്റുകൾക്ക് നൽകുന്നു.

  • റിസർവ് പേ (Reserve Pay): ഭാവിയിലെ ആവശ്യങ്ങൾക്കായി ഒരു നിശ്ചിത തുക (നിലവിൽ പരമാവധി 10,000 രൂപ വരെ 90 ദിവസത്തേക്ക്) മാറ്റിവെക്കുന്ന രീതി ഇതിനായി ഉപയോഗിക്കും.

പലച്ചരക്ക് സാധനങ്ങൾ വാങ്ങൽ, മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാകുമ്പോൾ ഓർഡർ ചെയ്യൽ, നിർദ്ദിഷ്ട വിലയിലെത്തുമ്പോൾ നിക്ഷേപങ്ങൾ നടത്തൽ തുടങ്ങിയ ലളിതമായ ഇടപാടുകൾക്കാണ് പ്രാരംഭ ഘട്ടത്തിൽ അനുമതി നൽകിയേക്കുക.

യു.പി.ഐ എ.ഐ ഏജന്റ് ഇടപാടുകൾ: ഒറ്റനോട്ടത്തിൽ

  • പ്രവർത്തന രീതി --------► ഉപഭോക്താവിന്റെ മുൻകൂർ നിയമങ്ങൾക്ക് വിധേയമായി സ്വയം പണമടയ്ക്കുന്നു.

  • പ്രധാന സാങ്കേതികവിദ്യ --------► യു.പി.ഐ സർക്കിൾ, റിസർവ് പേ സംവിധാനങ്ങൾ.

  • പരിധികൾ --------► 10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് തുടക്കത്തിൽ സാധ്യത.

നേട്ടങ്ങളും വെല്ലുവിളികളും

തുടർച്ചയായി നടത്തുന്ന ചെറിയ പേയ്‌മെന്റുകൾക്ക് ഓരോ തവണയും മൊബൈൽ ആപ്പ് തുറന്ന് പിൻ ടൈപ്പ് ചെയ്യുന്ന തടസ്സം ഒഴിവാക്കാം എന്നതാണ് എ.ഐ ഏജന്റ് അധിഷ്ഠിത പണമിടപാട് സംവിധാനത്തിന്റെ പ്രധാന നേട്ടം. ഓഫറുകൾ ലഭിക്കുന്ന സമയത്ത് ഉപയോക്താവ് സ്ക്രീനിലേക്ക് നോക്കാതെ തന്നെ ഷോപ്പിം​ഗ്/വാങ്ങൽ നടത്താനും ഇത് സഹായിക്കും.

എന്നാൽ, എ.ഐ ഏജന്റുകൾ വഴി തെറ്റായതോ അനാവശ്യമോ ആയ ഇടപാടുകൾ നടന്നാൽ തുക തിരികെ ലഭിക്കുന്നതിനുള്ള ഉത്തരവാദിത്തം (Liability) ആർക്കായിരിക്കും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബാങ്ക്, മർച്ചന്റ്, എ.ഐ പ്ലാറ്റ്‌ഫോം, ഉപഭോക്താവ് എന്നിവരിൽ ആരാണ് നഷ്ടം സഹിക്കേണ്ടതെന്ന കാര്യത്തിൽ കൃത്യമായ നയം എൻ.പി.സി.ഐ രൂപീകരിക്കേണ്ടതുണ്ട്.

ആഗോള വിപണിയിലെ മത്സരം

ആഗോള കാർഡ് നെറ്റ്‌‍വർക്കുകളായ മാസ്റ്റർകാർഡ് (Mastercard Agent Pay), വീസ (Visa) എന്നിവയും ഇന്ത്യയിലെ പൈൻ ലാബ്‌സും (Pine Labs - P3P) സമാനമായ എ.ഐ പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നുണ്ട്. മാസ്റ്റർകാർഡ് തങ്ങളുടെ ആദ്യ എ.ഐ ഏജന്റ് ഇടപാട് ജൂണിൽ ന്യൂഡൽഹിയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എൻ.പി.സി.ഐയുടെ ഈ നീക്കം വിജയകരമായാൽ, എ.ഐ അധിഷ്ഠിത പേയ്‌മെന്റുകൾ ദേശീയതലത്തിൽ വലിയ തോതിൽ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

```html ```
logo
DhanamOnline
dhanamonline.com