ചൈനീസ് ഹാക്കർമാരുടെ എഐ സൈബർ ആക്രമണം: ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് നഷ്ടം ₹300 കോടി

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയിലെ ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സൈബർ ആക്രമണങ്ങളിലൂടെ 300 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്; എഐ സഹായത്തോടെയുള്ള ആക്രമണങ്ങളും പേയ്‌മെന്റ് സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളും ആശങ്ക ഉയർത്തുന്നു
AI assisted cyber fraud in NBFC
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവി​ദ്യ ഉപയോ​ഗപ്പെടുത്തിയുള്ള സൈബർ തട്ടിപ്പ് പെരുകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ ചെറുകിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (NBFC) നിന്നും ഏകദേശം 300 കോടിയോളം രൂപയാണ് സൈബർ തട്ടിപ്പിലൂടെ അപഹരിച്ചത്. ഏകദേശം 150-ഓളം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. എഐ സഹായത്തോടെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷയിലെ പോരായ്മകളാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്.

എന്താണ് സംഭവം?

1,000 കോടി രൂപയോ അതിൽ താഴെയോ ടേൺഓവറുള്ള ചെറുകിട എൻ‌ബി‌എഫ്‌സികളാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പിനിരയാകുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ, പാച്ചിംഗ്, ഓഡിറ്റ് രീതികൾ എന്നിവ ദുർബലമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിലെ ഒരു എൻ.ബി.എഫ്.സിക്ക് ആദ്യ സൈബർ ആക്രമണത്തിൽ 7.5 കോടി രൂപയും, ദിവസങ്ങൾക്ക് ശേഷം നടന്ന മറ്റൊരു സൈബർ തട്ടിപ്പിൽ 7.25 കോടി രൂപയും നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില തട്ടിപ്പ് കേസുകളിൽ നടന്ന അന്വേഷണങ്ങളിൽ ചൈനീസ് ഹാക്കിംഗ് പ്ലാറ്റ്‌ഫോമായ 'സൈബർസ്ട്രൈക്കി'ന്റെ (CyberStrike) ഇടപെടൽ നടന്നതായി കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈയിൽ 30-ലധികവും, ഡൽഹിയിൽ 25-ലധികവും, ചെന്നൈയിൽ 15-ലധികം വീതം പരാതികളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടെ പോലിസിന് മുമ്പാകെ പരാതി ലഭിച്ചത്. 2026 ഒക്ടോബർ 15 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 8,502 എൻബിഎഫ്സികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

ഒരു എൻബിഎഫ്സിയെ ലക്ഷ്യമിടുന്ന സെബർ തട്ടിപ്പുകാർ, ആദ്യം രണ്ടാഴ്ചയോളം സമയമെടുത്ത് ആ സ്ഥാപനത്തിന്റെ പ്രവർത്തനരീതികളും ബിസിനസ്സ് മാതൃകകളും സൂക്ഷ്മമായി പഠിക്കുന്നു. തുടർന്ന് അവരുടെ പേയ്‌മെന്റ് പ്രക്രിയകൾ, അം​ഗീകൃത ഐഡികൾ (Whitelist IDs), കോഡുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ എന്നിവ പൂർണമായും മനസ്സിലാക്കിയാണ് തട്ടിപ്പുകാർ കളത്തിലിറങ്ങുന്നത്.

ആർടെക്സ് (Artex), സൈബർസ്ട്രൈക്ക് (CyberStrike) തുടങ്ങിയ എഐ ടൂൾകിറ്റുകളും, ഡീപ്സീക്ക് (DeepSeek), ക്യുവെൻ (Qwen), കിമി (Kimi), ജിഎൽഎം (GLM) തുടങ്ങിയ ഓപ്പൺ സോഴ്‌സ് മോഡലുകളും ഫലപ്രദമായി ഉപയോ​ഗപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിലെ സൈബർ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നു.

ഒന്നിലധികം എഐ ഏജന്റുകളെ ഒരേസമയം (സമാന്തരമായി) പ്രവർത്തിപ്പിക്കുന്നതിലൂടെ, സ്ഥാപനങ്ങളുടെ സൈബർ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുന്നത് മുതൽ തട്ടിപ്പ് നടത്തുന്നതിനു വേണ്ടിവരുന്ന സമയം കേവലം മണിക്കൂറുകളായി ചുരുക്കാൻ എഐ സംവിധാനങ്ങൾക്ക് കഴിയുമെന്ന് ദേശീയ സൈബർ സുരക്ഷ ഏജൻസിയായ (CERT-In) മുന്നറിയിപ്പ് നൽകുന്നു.

ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം കുപ്രസിദ്ധമായ 'ജംതാര' ശൈലിയിലുള്ള സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങളും തട്ടിപ്പുകാർ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ചോർത്തിവിറ്റ ഉപഭോക്തൃ ഡാറ്റയുടെ സഹായത്തോടെ, പ്രാദേശിക ഭാഷകളിൽ വളരെ സ്വാഭാവികമായി സംസാരിച്ച് ഇരകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർക്ക് ഇതിലൂടെ കഴിയുന്നു. തുടർന്ന് ഇവരെ ഫിഷിങ് ലിങ്കുകളിലേക്കോ മ്യൂൾ അക്കൗണ്ട് (Mule Account) തട്ടിപ്പുകളിലേക്കോ വീഴ്ത്തുകയാണ് ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com