പാന്‍ കാര്‍ഡ് കൊടുത്തില്ലെങ്കില്‍ 24 മണിക്കൂറില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്കാകും! റിപ്ലേ നല്‍കിയാല്‍ മുട്ടന്‍ പണി, മുന്നറിയിപ്പ്

തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ അടിയന്തരമായ ഇടപെടലുകളിലൂടെ അതിന്റെ ആഘാതം കുറക്കാമെന്ന് ബാങ്കുകള്‍ പറയുന്നു
bank account a hacker doing something on the computer
image credit : canva
Published on

പാന്‍ കാര്‍ഡിന്റെ പേരില്‍ തട്ടിപ്പു നടക്കുന്നതായി മുന്നറിയിപ്പ്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന സന്ദേശം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) അക്കൗണ്ട് ഉടമകള്‍ക്ക് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നുണ്ട്. സ്‌കാം വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് സഹിതം അക്കൗണ്ട് ഉടമകളുടെ മൊബൈലിലേക്കാണ് സന്ദേശമെത്തുന്നത്.

എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യ പോസ്റ്റ് അധികൃതരും വിശദീകരിച്ചു. ഇതുപോലുള്ള സന്ദേശങ്ങള്‍ ഇന്ത്യ പോസ്റ്റ് അയക്കാറില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഫിഷിംഗ് തട്ടിപ്പ്

ഉപയോക്താക്കളുടെ പാസ്‌വേര്‍ഡ്, ബാങ്ക് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഫിഷിംഗ് തട്ടിപ്പാണ് ഇതിന് പിന്നില്‍. പരിചിതമായ വെബ്‌സൈറ്റില്‍ നിന്നുള്ളതെന്ന് തോന്നിക്കുന്ന ഇ-മെയില്‍, എസ്.എം.എസ് എന്നിവയാണ് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തി വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ തട്ടിപ്പുകാരുടെ കെണിയില്‍ പെടാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ തടയാം

പാന്‍ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കണം- അത്യാവശ്യമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്ലാറ്റ്‌ഫോമുകളിലും സ്ഥാപനങ്ങളിലും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മതി.

ലിങ്കുകളില്‍ കുത്തുന്നത് സൂക്ഷിച്ച് മതി - അപരിചിതമായ ലിങ്കുകളിലും വെബ്‌സൈറ്റുകളിലും കയറാതിരിക്കുന്നതാണ് ഉത്തമം. വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ലിങ്കുകളോ പേടിപ്പിക്കുന്ന സന്ദേശങ്ങളോ ആണ് സാധാരണ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.

ടൂ ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ - ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ക്ക് ടൂ ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സുരക്ഷ ഒരുക്കുന്നത് നല്ലതാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ പറയുന്നു. ബാങ്ക് ഒ.ടി.പി ലഭിച്ചാല്‍ മാത്രം ഇടപാടുകള്‍ സാധ്യമാക്കുന്ന സൗകര്യം മിക്ക ബാങ്കുകളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നത് ഒഴിവാക്കാം.

തട്ടിപ്പിന് ഇരയായാല്‍ എന്തുചെയ്യും

മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ അടിയന്തരമായ ഇടപെടലുകളിലൂടെ അതിന്റെ ആഘാതം കുറക്കാമെന്ന് ബാങ്കുകള്‍ പറയുന്നു. എല്ലാ അക്കൗണ്ടുകളുടെയും യൂസര്‍ നെയിം, പാസ്‌വേര്‍ഡ് തുടങ്ങിയവ തിരുത്തുകയാണ് ആദ്യഘട്ടം. ഉപയോഗിക്കുന്ന മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയില്‍ തട്ടിപ്പുകാര്‍ വേറെ ഏതെങ്കിലും ആപ്ലിക്കേഷനുകളോ പ്രോഗ്രാമുകളോ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഒരു സുരക്ഷാ പരിശോധന ആവശ്യമാണ്. ഇതിനായി ബാങ്കിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ സഹായം തേടാം. മികച്ച ഒരു ആന്റി വൈറസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇന്‍ബോക്‌സ് പരിശോധിച്ച് അനാവശ്യമായ എല്ലാ ഇ-മെയിലുകളെല്ലാം ഡിലീറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com