

രാജ്യത്ത് എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വര്‍ധിച്ചതോടെ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ട്രെന്റ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള എടിഎമ്മുകളുടെ എണ്ണം 2024 മാര്‍ച്ച് 31ന് 2,53,417 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 എത്തിയപ്പോള്‍ ഇത് 2,51,057 ആയി കുറഞ്ഞു.
സ്വകാര്യ ബാങ്കുകളുടെ എടിഎം നെറ്റ്‌വര്‍ക്കിലും കുറവുണ്ടായി. ഒരു വര്‍ഷം മുമ്പ് 79,884 എടിഎം സെന്ററുകള്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം മാര്‍ച്ച് 31ന് ഇത് 77,117 ആയിട്ടാണ് കുറഞ്ഞത്. പൊതുമേഖല ബാങ്കുകളുടെ എടിഎം സെന്ററുകളുടെ എണ്ണം 1,34,694ല്‍ നിന്ന് 1,33,544 ആയിട്ടാണ് താഴ്ന്നത്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ പക്ഷേ സമാനകാലത്ത് 34,602ല്‍ നിന്ന് 36,216 ആയി ഉയരുകയും ചെയ്തു.
പൊതുമേഖല ബാങ്കുകള്‍ നഗര, ഗ്രാമ മേഖലകളെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് എടിഎമ്മുകള്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകളേറെയും നഗരകേന്ദ്രങ്ങളിലാണ്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ ചെയ്യാമെങ്കിലും ബാങ്ക് ശാഖകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 2.8 ശതമാനം വര്‍ധനയോടെ 1.64 ബാങ്ക് ശാഖകളാണ് രാജ്യത്തുള്ളത്.
പൊതുമേഖല ബാങ്കുകളാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ പുതിയ ശാഖകള്‍ തുറക്കുന്നത് 67.3 ശതമാനത്തില്‍ നിന്ന് 51.8 ശതമാനമായി കുറഞ്ഞു.
എടിഎമ്മുകളുടെ എണ്ണം കുറയുന്നത് ബാങ്കുകളെ സംബന്ധിച്ച് നേട്ടമാണ്.
ഒരു എടിഎം സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് ബാങ്കുകള്‍ക്ക് വലിയ ചെലവാണ്. മെഷീന്‍ വാങ്ങല്‍, സ്ഥലം വാടക, വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷന്‍, കാഷ് നിറയ്ക്കല്‍, സുരക്ഷ, സര്‍വീസ്‌മെന്റനന്‍സ് എന്നിവയെല്ലാം ചേര്‍ന്നാല്‍ ഓരോ എടിഎമ്മിനും മാസത്തില്‍ തന്നെ വലിയ തുക ചെലവാകും. എടിഎം എണ്ണം കുറയുമ്പോള്‍ ഈ ചെലവുകള്‍ കുറയുന്നു.
മറ്റൊരു ബാങ്കിന്റെ എടിഎം ഉപഭോക്താവ് ഉപയോഗിക്കുമ്പോള്‍ ഓരോ ട്രാന്‍സാക്ഷനും ബാങ്ക് 'ഇന്റര്‍ചേഞ്ച് ഫീസ്' നല്‍കണം. എടിഎം ഉപയോഗം കുറയുകയും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഈ ഫീസുകളും കുറയും.
യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പുകള്‍, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവ വഴി നടക്കുന്ന ഇടപാടുകള്‍ക്ക് എടിഎം ഇടപാടുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവാണ്. ചില സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനും ഡേറ്റ അടിസ്ഥാനമാക്കിയുള്ള ക്രോസ്-സെല്ലിംഗ് നടത്താനും ബാങ്കുകള്‍ക്ക് സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine