

ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് (au small finance bank) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ബാങ്കിംഗിനുള്ള അനുമതി. ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറാനുള്ള തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചത്.
യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കൂടിയാണ് എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. അവസാനമായി യൂണിവേഴ്‌സല്‍ ബാങ്ക് ലൈസന്‍സ് കിട്ടിയത് ബന്ധന്‍ ബാങ്ക് (bandhan bank), ഐ.ഡി.എഫ്.സി ബാങ്ക് (IDFC Bank) എന്നിവയ്ക്കാണ്. 2014ലായിരുന്നു ഇത്. നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തനരീതി മാറുന്നതോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് പോലെ എല്ലാവിധ സൗകര്യങ്ങളും നല്കാന്‍ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാധിക്കും.
റിസര്‍വ് ബാങ്ക് ഇപ്പോള്‍ നല്കിയിരിക്കുന്നത് തത്വത്തിലുള്ള അനുമതിയാണ്. ഇതിനായി പ്രവര്‍ത്തനരീതിയിലും ഓഹരി ഘടനയിലും ചില മാറ്റങ്ങള്‍ ബാങ്ക് വരുത്തേണ്ടതുണ്ട്. ഇതിനായി 18 മാസമാണ് ആര്‍.ബി.ഐ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സഞ്ജയ് അഗര്‍വാളിന്റെ ഓഹരികള്‍ പ്രത്യേകം നോണ്‍ ഓപ്പറേറ്റീവ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതാണ്.
ബാങ്കിന്റെ 22 ശതമാനം ഓഹരികള്‍ സ്ഥാപകനായ സഞ്ജയ് അഗര്‍വാളിന്റെ കൈവശമാണ്. ഓഹരി ഘടനയിലെ മാറ്റം അധികം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നത്.
1996ല്‍ രാജസ്ഥാനിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സഞ്ജയ് അഗര്‍വാള്‍ വെഹിക്കിള്‍ ഫിനാന്‍സ് കമ്പനിയായി എ.യു ഫിനാന്‍സിയേഴ്‌സ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ജയ്പൂരിലെ ചുരുങ്ങിയ പ്രദേശങ്ങളില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം. 2017ല്‍ റിസര്‍വ് ബാങ്കിന്റെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അനുമതി ലഭിച്ചു. ആ വര്‍ഷം ജൂണില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനെ എ.യു ബാങ്ക് ഏറ്റെടുത്തിരുന്നു.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും വായ്പകള്‍ നല്കുന്നതിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ മുന്‍നിര ബാങ്കുകളുടെ എല്ലാ സേവനങ്ങളും നല്കാന്‍ സാധിക്കും. എല്ലാ തരത്തിലുമുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വായ്പ നല്കാം.
കേരളത്തിലടക്കം സാന്നിധ്യമുള്ള എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് യൂണിവേഴ്‌സല്‍ ബാങ്കായി മാറുമ്പോള്‍ പേരിലും മാറ്റം വരും. സ്‌മോള്‍ ഫിനാന്‍സ് എന്ന വാക്കു തന്നെ എടുത്തു മാറ്റാന്‍ സാധിക്കും. ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് ബാങ്കിന്റെ ആസ്ഥാനം മാറ്റാന്‍ ഡയറക്ടര്‍ ബോര്‍ഡ് അടുത്തിടെ തീരുമാനിച്ചിരുന്നു.
നിലവില്‍ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാന്നിധ്യമുണ്ട്. 50,000ത്തിലധികം ജീവനക്കാരുമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 16,064 കോടി രൂപ വരുമാനവും 2,106 കോടി രൂപ ലാഭവും നേടാന്‍ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine