ബാങ്ക് വായ്പാ വളര്‍ച്ചയില്‍ വന്‍ ഇടിവെന്ന് ക്രിസില്‍

2020-21 ല്‍ ഇന്ത്യയിലെ ബാങ്ക് വായ്പാ വളര്‍ച്ച നാമമാത്രമായിരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.14 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് വായ്പാ വളര്‍ച്ച 0-1 ശതമാനമായി താഴുമെന്നാണ് ഏജന്‍സി കണക്കാക്കുന്നത്. 8-9 ശതമാനം വര്‍ദ്ധിക്കുമെന്നായിരുന്നു കോവിഡ് -19 എത്തുന്നതിനു മുമ്പുള്ള പ്രവചനം.

2020-21 കാലയളവില്‍ ഇന്ത്യയുടെ ജിഡിപിയില്‍ അഞ്ച് ശതമാനം സങ്കോചം പ്രതീക്ഷിക്കുന്നതായുള്ള നിഗമനത്തിനു പിന്നാലെയാണ് പൊതു സാമ്പത്തിക കാലാവസ്ഥയുടെ പ്രധാന സൂചകങ്ങളിലൊന്നായ ബാങ്ക് വായ്പാ വളര്‍ച്ചയുടെ ഗതി താഴേക്കാണെന്ന് ക്രിസില്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് വായ്പാ വളര്‍ച്ചാ കണക്കുകളുടെ അപഗ്രഥനത്തിലൂടെ, ഒരു രാജ്യത്ത് നടക്കുന്ന നിക്ഷേപങ്ങള്‍, ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളുടെ ഉപഭോഗം തുടങ്ങിയവയെപ്പറ്റിയും റേറ്റിംഗ് ഏജന്‍സികള്‍ നിഗമനങ്ങളിലെത്തുന്നു.കോവിഡ് -19 ആഘാതം ബാങ്ക് വായ്പാ വളര്‍ച്ചയെ എട്ട് ശതമാനം വരെ ബാധിച്ചേക്കാമെന്ന് ക്രിസില്‍ കരുതുന്നു.

കടം കൊടുക്കുന്നവരുടെ ആത്മവിശ്വാസം താഴ്ന്നു നില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ക്രിസില്‍ സീനിയര്‍ ഡയറക്ടര്‍ കൃഷ്ണന്‍ സീതാരാമന്‍ വിശദീകരിച്ചു.ക്രെഡിറ്റ് ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള താല്‍പ്പര്യം ഈ സാമ്പത്തിക വര്‍ഷത്തിലുടനീളം മിക്ക മേഖലകളിലും കുറഞ്ഞു നില്‍ക്കാനാണു സാധ്യത. 2021-22ല്‍ വായ്പാ വളര്‍ച്ച ഉയരുമെങ്കിലും നിലവിലെ അനിശ്ചിതത്വം തീവ്രമാണ്. റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുകയും വായ്പ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ ബാങ്കുകള്‍ ഇപ്പോഴും റിസ്‌ക് ഏറ്റെടക്കുന്നില്ലെന്ന് മറ്റൊരു ഡയറക്ടറായ ശുഭാ ശ്രീ നാരായണന്‍ പറഞ്ഞു.മൊത്തം ആസ്തിയുടെ പകുതിയിലധികം വരുന്ന കോര്‍പ്പറേറ്റ് വായ്പാ പോര്‍ട്ട്‌ഫോളിയോ നേരിട്ടുവരുന്നത് ഏറ്റവും കനത്ത പ്രത്യാഘാതത്തെയാണ്.

തൊഴില്‍ നഷ്ടവും ശമ്പള വെട്ടിക്കുറവും വിവേചനാധികാര വിഭാഗത്തിലെ ഉപഭോക്തൃ വസ്തുക്കളുടെ ഡിമാന്‍ഡ് താഴ്ത്തിയിരിക്കുന്നതിനാല്‍ ചില്ലറ വായ്പകളില്‍ ഇടിവുണ്ടാകും.ഇത് ബാങ്ക് ക്രെഡിറ്റിന്റെ നാലിലൊന്ന് വരും.പുതിയ വീടുകളുടെയും വാഹനങ്ങളുടെയും വാങ്ങലില്‍ കാലതാമസമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലൊന്നും കാണാതിരുന്ന തളര്‍ച്ചയാണ് ബാങ്ക് വായ്പാ മേഖലയിലേത്.

അതേസമയം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ക്രെഡിറ്റ് സംവിധാനം പ്രയോജനപ്പെടുത്താനാണു സാധ്യത. സര്‍ക്കാരിന്റെ ധനപരമായ ഉത്തേജക പാക്കേജിന്റെ ബലത്തില്‍, ചെറുകിട ബിസിനസ് വായ്പകള്‍ 6-7 ശതമാനം വര്‍ദ്ധിച്ചേക്കും.കാര്‍ഷിക വായ്പകള്‍ 3-4 ശതമാനം ഉയരുമെന്നും കണക്കാക്കുന്നു. സാധാരണ തോതിലുള്ള മണ്‍സൂണ്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണിതിന് അടിസ്ഥാനം. ഗ്രാമീണ മേഖലയില്‍ വേഗത്തിലുള്ള വീണ്ടെടുപ്പിന് ഇതിടയാക്കുമെന്നാണ് ക്രിസില്‍ കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it