

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാകുന്ന പുതിയ സംവിധാനം ഒരുങ്ങുന്നു. അമേരിക്കയിലെ ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ Zelleനെയും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി ഒരുങ്ങുന്നത്.
പദ്ധതി വിജയകരമായി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പായാല്‍ Zelle ഉപയോഗിക്കുന്ന അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നുതന്നെ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ കൂടുതല്‍ സൗകര്യമുണ്ടാകും.
Zelleനെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആദ്യ വിപണിയാകുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ സേവനം 2026 അവസാനിക്കുന്നതിന് മുമ്പ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പണം അയയ്ക്കപ്പെടുന്ന രാജ്യമായതിനാലാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും സ്ഥിരമായി ഇന്ത്യയിലേക്ക് പണം അയയ്ക്കുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
നിലവില്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെ വിവിധ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. Zelle-UPI ബന്ധം യാഥാര്‍ഥ്യമാകുന്നതോടെ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് പരിചിതമായ Zelle സംവിധാനത്തിനുള്ളില്‍ നിന്നുതന്നെ ഇന്ത്യയിലേക്ക് പണമയയ്ക്കാന്‍ സാധിക്കും.
ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ അമേരിക്കയുടെ പങ്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു. യുഎഇ 19.2 ശതമാനവുമായി രണ്ടാം സ്ഥാനത്തായിരുന്നു.
നിലവില്‍ 11 വിദേശ രാജ്യങ്ങളില്‍ യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. യുഎഇ, ഫ്രാന്‍സ്, ഭൂട്ടാന്‍, ശ്രലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാല്‍ദ്വീവ്‌സ് എന്നിവയാണ് ഈ രാജ്യങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine