

പബ്ലിക് സെക്ടര്‍ ബാങ്കിംഗ് രംഗത്തെ വന്‍കിട സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ (Bank of Baroda) സെര്‍വറുകളില്‍ നിന്ന് വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന. ബാങ്കിന്റെ ഉപഭോക്താക്കളുടെയും ആഭ്യന്തര പ്രവര്‍ത്തനങ്ങളുടെയും സുപ്രധാന രേഖകള്‍ ഉള്‍പ്പെടെ ഏകദേശം 1 ടെറാബൈറ്റ് (1TB) ഡാറ്റ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്ന രീതിയിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയുമായി ബാങ്ക് ഓഫ് ബറോഡ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിലെ ഒരു ജീവനക്കാരന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാങ്ക് ആവശ്യമായ തടസ്സപ്പെടുത്തൽ നടപടികൾ (containment measures) സ്വീകരിച്ചതായും ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റങ്ങളെ (Core Banking Systems) ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അവ പൂർണ്ണമായും സുരക്ഷിതമായി തുടരുന്നുവെന്നും അറിയിച്ച അധികൃതർ, സംഭവത്തിൽ സമഗ്രമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വിവര സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും ബാങ്ക് ഉറപ്പുനൽകുന്നു.
ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ട സാംപിള്‍ രേഖകള്‍ പ്രകാരം വ്യക്തിഗത അക്കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളാണ് പരസ്യമാക്കപ്പെട്ടിട്ടുള്ളത്.
സേവിംഗ്‌സ്, കറന്റ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍, വായ്പാ അക്കൗണ്ടുകള്‍, ലോണ്‍ അപ്രൈസല്‍ രേഖകള്‍, ഉപഭോക്താക്കളുടെ പേര്, ബന്ധപ്പെടേണ്ട വിവരങ്ങള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍, നെറ്റ് ബാങ്കിംഗ് യൂസര്‍ വിവരങ്ങള്‍, എന്‍.ആര്‍.ഐ ബാങ്കിംഗ് അക്കൗണ്ടുകള്‍, ശാഖകളുടെയും എ.ടി.എമ്മുകളുടെയും പ്രവര്‍ത്തന രേഖകള്‍, ബ്രാഞ്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, വിജിലന്‍സ് അന്വേഷണ രേഖകള്‍ എന്നിവയൊക്കെ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാങ്ക് ഓഫ് ബറോഡയ്ക്ക് കേരളത്തിലുടനീളം നിരവധി ശാഖകളും വിപുലമായ ഉപഭോക്തൃ ശൃംഖലയുമുണ്ട്. പ്രത്യേകിച്ചും, ഗള്‍ഫ് നാടുകളില്‍ നിന്നുള്ള മലയാളി പ്രവാസികളുടെ (NRI) വലിയൊരു ശതമാനം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നാണിത്.
പ്രവാസി ബാങ്കിംഗ് രേഖകളും രാജ്യത്തുടനീളമുള്ള ശാഖകളുടെ ഫോമുകളും ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ കേരളത്തിലെ ഇടപാടുകാരിലും പ്രവാസി മലയാളി സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാംപിള്‍ ഡാറ്റ പരിശോധിച്ച് വരുന്നതിനാല്‍ കേരളത്തിലെ ബ്രാഞ്ചുകളിലെ രേഖകള്‍ എത്രത്തോളം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകേണ്ടതുണ്ട്.
വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം ഒരു ഹാക്കര്‍ ഗ്രൂപ്പും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. മുന്‍പ് ഇന്‍ഡോനേഷ്യന്‍ ബാങ്കില്‍ ആക്രമണം നടത്തിയ 'Triplx X' എന്ന ഗ്രൂപ്പാകാം ഇതിന് പിന്നിലെന്ന നിഗമനവും ചില സൈബര്‍ സുരക്ഷാ ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്.
പാസ്‌വേഡുകളോ എ.ടി.എം/യു.പി.ഐ പിന്‍ നമ്പറുകളോ ഒ.ടി.പികളോ നിലവില്‍ പുറത്തുവന്ന ഡാറ്റാ ഗണത്തില്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും വിലാസം, ഫോണ്‍ നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പുറത്തായതിനാല്‍ വ്യാജ ഫോണ്‍ കോളുകള്‍, ഫിഷിംഗ് മെസേജുകള്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയ്ക്കെതിരെ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അക്കൗണ്ട് ഇടപാടുകൾ പതിവായി നിരീക്ഷിക്കുകയും ട്രാൻസാക്ഷൻ അലേർട്ടുകൾ (SMS/Email) എനേബിൾ ചെയ്യുകയും ചെയ്യുക. ഒ.ടി.പി, പിൻ, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെക്കരുത്. സംശയാസ്പദമായ ഇടപാടുകൾ കണ്ടാൽ ഉടൻ ബാങ്കിനെ അറിയിക്കുക.
ബാങ്ക് ഓഫ് ബറോഡയിലെ വിവര ചോർച്ച റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾ പാസ്‌വേഡുകളും പിൻ നമ്പറുകളും പുതുക്കേണ്ടത് അത്യാവശ്യമാണ്. നെറ്റ് ബാങ്കിംഗ് പാസ്‌വേഡ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പിൻ എന്നിവ മാറ്റുന്നതിനുള്ള ലളിതമായ വഴികൾ താഴെ നൽകുന്നു:
നിലവിലെ പാസ്‌വേഡ് അറിയാമെങ്കിൽ:
bob World ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ യൂസർ ഐഡിയും (User ID) നിലവിലെ പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
'Profile' അല്ലെങ്കിൽ 'Quick Links' സെക്ഷനിൽ നിന്ന് 'Change Password' തിരഞ്ഞെടുക്കുക.
സൈൻ-ഓൺ പാസ്‌വേഡ് (Sign-on Password), ട്രാൻസാക്ഷൻ പാസ്‌വേഡ് (Transaction Password) എന്നിവയിൽ മാറ്റേണ്ടത് തിരഞ്ഞെടുക്കുക.
നിലവിലെ പാസ്‌വേഡും പുതിയ പാസ്‌വേഡും നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈലിൽ/ഇമെയിലിൽ ലഭിക്കുന്ന ഒ.ടി.പി (OTP) ഉപയോഗിച്ച് സ്ഥിരീകരിക്കുക.
പാസ്‌വേഡ് മറന്നുപോയെങ്കിൽ:
ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ പേജിലെ 'Set/Reset Password' ക്ലിക്ക് ചെയ്യുക.
ഒ.ടി.പി വെരിഫിക്കേഷൻ വഴി പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
യൂസർ ഐഡി നൽകി, മൊബൈലിലും ഇമെയിലിലും വരുന്ന ഒ.ടി.പികൾ എന്റർ ചെയ്ത് പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാം.
ശ്രദ്ധിക്കുക: പാസ്‌വേഡിൽ 8 മുതൽ 16 വരെ ക്യാരക്ടറുകൾ വേണം. കുറഞ്ഞത് ഒരു അപ്പർകേസ്, ഒരു ലോവർകേസ്, ഒരു നമ്പർ, ഒരു സ്‌പെഷ്യൽ ക്യാരക്ടർ എന്നിവ ഉൾപ്പെടുത്തണം. യൂസർ ഐഡിയോ മുൻപത്തെ 5 പാസ്‌വേഡുകളോ ഉപയോഗിക്കരുത്.
bob World ആപ്പ് വഴി: Cards > Debit Cards > View Cards എന്നതിൽ പോയി കാർഡ് തിരഞ്ഞെടുത്ത ശേഷം 'Set PIN' / 'Change Debit Card PIN' ക്ലിക്ക് ചെയ്യുക. ഒ.ടി.പി നൽകി പുതിയ 4 അക്ക പിൻ ഉണ്ടാക്കാം.
ഇന്റർനെറ്റ് ബാങ്കിംഗ് വഴി: Services > Debit Card Services > Set/Reset Debit Card PIN വഴി ഒ.ടി.പിയും ട്രാൻസാക്ഷൻ പാസ്‌വേഡും ഉപയോഗിച്ച് പുതിയ പിൻ സെറ്റ് ചെയ്യാം.
എ.ടി.എം വഴി: ബാങ്ക് ഓഫ് ബറോഡ എ.ടി.എമ്മിൽ കാർഡിട്ട് 'PIN Generation' തിരഞ്ഞെടുക്കുക. അക്കൗണ്ട് വിവരങ്ങളും മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പിയും നൽകി പുതിയ പിൻ മാറ്റാം.
BOB ഫിനാൻഷ്യൽ പോർട്ടൽ വഴി: ലോഗിൻ ചെയ്ത ശേഷം Service Request > ATM PIN Reset തിരഞ്ഞെടുത്ത് ഒ.ടി.പി വഴി പുതിയ പിൻ നിശ്ചയിക്കാം.
മറ്റു വഴികൾ: bob World ആപ്പ്, ബാങ്ക് ഓഫ് ബറോഡ എ.ടി.എം എന്നിവ വഴിയോ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് 1800 258 4455, 1800 102 4455 എന്നീ ഐ.വി.ആർ (IVR) ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിച്ചോ പിൻ റീസെറ്റ് ചെയ്യാം.
A hacker claims to have leaked 1TB of Bank of Baroda's sensitive customer and internal operational data on the dark web.
Read DhanamOnline in English
Subscribe to Dhanam Magazine