
2024-25 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില്‍ 10.1 ശതമാനത്തിന്റെ വര്‍ധന. ലാഭം കഴിഞ്ഞ വര്‍ഷത്തെ 17,789 കോടി രൂപയിൽ നിന്ന് 19,581 കോടി രൂപയായാണ് വര്‍ധിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 44,722 കോടി രൂപയിൽ നിന്ന് 2.1 ശതമാനം വർധിച്ച് 45,659 കോടി രൂപയായി.
ബാങ്കിന്റെ ആഭ്യന്തര വായ്പകൾ 13.7 ശതമാനം വർധിച്ച് 10,21,112 കോടി രൂപയിലെത്തി. ഓർഗാനിക് റീട്ടെയിൽ വായ്പകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വർധിച്ച് 2,56,633 കോടി രൂപയായി. വാഹന വായ്പ, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയിലെ മികച്ച പ്രകടനമാണ് റീട്ടെയിൽ വായ്പകൾ വര്‍ധിപ്പിക്കാന്‍ ബാങ്കിനെ സഹായിച്ചത്. അന്താരാഷ്ട്ര വായ്പകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വർധിച്ച് 12,30,461 കോടി രൂപ രേഖപ്പെടുത്തി. ആഗോള ബിസിനസിന് 27 ലക്ഷം കോടി രൂപയുടെ നാഴികക്കല്ല് പിന്നിടാനും സാധിച്ചു.
നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 4,886 കോടി രൂപയിൽ നിന്ന് 5,048 കോടി രൂപയായി ഉയർന്നു. നാലാം പാദത്തിലെ ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷത്തെ 33,774.87 കോടി രൂപയിൽ നിന്ന് 6.15 ശതമാനം ഉയർന്ന് ₹ 35,851.85 കോടിയായി. ബാങ്കിന്റെ പ്രവർത്തന ലാഭം 0.3 ശതമാനം വര്‍ധിച്ച് 8,132 കോടി രൂപയായി.
മികച്ച ഫലങ്ങളെ തുടര്‍ന്ന് ബാങ്ക് ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി ജൂൺ 6 ആണ്.
Bank of Baroda posts 10% profit growth, declares ₹8.35 dividend per share amid strong loan expansion.
Read DhanamOnline in English
Subscribe to Dhanam Magazine