ബാങ്കിംഗ് ലയനം ബിസിനസിലും സേവനങ്ങളിലുമുള്ള മാറ്റങ്ങളെന്തൊക്കെ?
ദേനാ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സംയോജിപ്പിച്ചതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ വിപണി സമവാക്യങ്ങളാകെ മാറിയിരിക്കുകയാണ്. കിട്ടാക്കടം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അതിനൊരു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ലയനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് എസ്.ബി.ഐയെയും അതിന്റെ അസോസിയേറ്റ് ബാങ്കുകളെയും തമ്മില്‍ ലയിപ്പിച്ചശേഷം ഇപ്പോഴാണ് രാജ്യത്തെ ബാങ്കിംഗ് മേഖല വീണ്ടുമൊരു ലയനത്തിന് സാക്ഷ്യംവഹിച്ചത്. ലയനത്തെ തുടര്‍ന്ന് ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ ശാഖകള്‍ ബാങ്ക് ഓഫ് ബറോഡയുടെ(ബിഒബി) ശാഖകളായി പ്രവര്‍ത്തിക്കുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ബിഒബിയുടെ കരുത്ത് വര്‍ധിച്ചു
ലയനത്തോടെ ബിഒബി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായെന്ന് മാത്രമല്ല എസ്.ബി.ഐ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കെന്ന പദവിയും നേടിക്കഴിഞ്ഞു. ബാങ്കിന് 9500 ശാഖകളും 13400 എ.ടി.എമ്മുകളും 85000 ജീവനക്കാരും 12 കോടിയിലധികം ഉപഭോക്താക്കളും 14.82 ലക്ഷം കോടി രൂപയുടെ ബിസിനസുമാണ് ലയനത്തിലൂടെ ലഭിച്ചിരിക്കുന്നത്. കിട്ടാക്കടത്താല്‍ പ്രതിസന്ധിയിലായ ബാങ്കുകളെ ലയിപ്പിക്കുന്നതിനാല്‍ ബിഒബിയുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിലേക്കായി 5042 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.
ലയനത്തോടെ വിപണിയും ബിസിനസും വ്യാപിച്ചതിലൂടെ ബിഒബിക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ സാധിച്ചുവെന്നതാണ് നേട്ടം. എന്നാല്‍ ഇപ്പോഴത്തെ ലയനത്തെ തുടര്‍ന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 21 ല്‍ നിന്നും 19 ആയി കുറയുകയും ചെയ്തിട്ടുണ്ട്. ബിഒബിയുമായുള്ള ലയനം വിജയകരമാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ വീണ്ടും കൂടുതല്‍ ലയന പദ്ധതികള്‍ നടപ്പാക്കപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനായി ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകാര്‍ സജീവമായേക്കും. ഉപഭോക്താക്കള്‍ അവരുടെ എക്കൗണ്ടിന്റെ വിശദാംശങ്ങള്‍, യൂസര്‍ ഐഡി, പാസ്‌വേര്‍ഡ്, ഒ.ടി.പി എന്നിവയൊക്കെ ഒരു കാരണവശാലും ഫോണ്‍ കോള്‍, ഇമെയ്ല്‍, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ മുഖേന ഷെയര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിജയാ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും നിലവിലുള്ള എക്കൗണ്ട് നമ്പരും കസ്റ്റമര്‍ ഐ.ഡിയും ഡെബിറ്റ് കാര്‍ഡും ചെക്ക് ബുക്കുകളുമൊക്കെ തുടര്‍ന്നും ഉപയോഗിക്കാനാകുമെങ്കിലും പിന്നീടവയില്‍ മാറ്റമുണ്ടാകും. അടുത്തുള്ള ചില ശാഖകള്‍ അടച്ചുപൂട്ടുന്നതിലൂടെ ഐ.എഫ്.എസ്.സി കോഡിലും മാറ്റം വരും. വിജയാ ബാങ്കിലും ദേനാ ബാങ്കിലും ഒരാള്‍ക്ക് എക്കൗണ്ട് ഉണ്ടെങ്കില്‍ അവയൊക്കെ ഒരൊറ്റ കസ്റ്റമര്‍ ഐ.ഡിയിലേക്ക് മാറ്റപ്പെട്ടേക്കും. ഉപഭോക്താക്കള്‍ അവരുടെ ഇമെയ്ല്‍ ഐ.ഡി, മൊബീല്‍ നമ്പര്‍ എന്നിവ മാറ്റിയിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകും.
ഭവന വായ്പ എടുത്തിട്ടുള്ളവരുടെ പലിശ നിരക്ക് റീസെറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം ബാങ്ക് അറിയിക്കുന്നതാണ്. സ്ഥിര നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതു വരെ നിലവിലുള്ള നിരക്കില്‍ തന്നെ പലിശ ലഭിക്കും. ദേനാ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്കുള്ള റിവാര്‍ഡ് പോയിന്റ്‌സ് ഏപ്രില്‍ 31 വരെ മാത്രമേ റിഡീം ചെയ്യാനാകൂ. മെയ് ഒന്നു മുതല്‍ ബാങ്കിന്റെ റിവാര്‍ഡ്‌സ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കില്ലെന്നതിനാല്‍ നിലവിലുള്ള പോയിന്റുകള്‍ ഏപ്രില്‍ 30ന് മുന്‍പായി ഉപഭോക്താക്കള്‍ റിഡീം ചെയ്തിരിക്കണം.