ബാങ്ക് OTP-യും SMS-ഉം വഴിതിരിച്ചുവിടുന്നുവോ? ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ

വാട്‌സാപ്‌, ആർ.സി.എസ്, ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി ബാങ്കിംഗ് ഡാറ്റ വിദേശ പ്ലാറ്റ്‌ഫോമുകളിലേക്ക് ചോർന്നുപോകുന്ന സാഹചര്യം; ഡി.എൽ.ടി റിപ്പോർട്ടുകളും കർശന റെഗുലേറ്ററി ഇടപെടലും ആവശ്യപ്പെട്ട് ടെലികോം ഓപ്പറേറ്റർമാർ
Banking Transaction Alert Security Issue
പ്രതീകാത്മക ചിത്രംImage Source: Canva
Published on

രാജ്യത്ത് വാണിജ്യ ബാങ്കുകളിൽ നിന്നും ഉപഭോക്താക്കൾക്ക് കൈമാറേണ്ട നിർണായക ഇടപാട് സന്ദേശങ്ങളും (SMS Alerts) ഒ.ടി.പികളും അംഗീകൃത ടെലികോം നെറ്റ്‌‍വർക്കുകൾക്ക് പുറത്തുള്ള അനധികൃത ചാനലുകളിലൂടെ വഴിതിരിച്ചുവിടുന്നതായി ടെലികോം ഓപ്പറേറ്റർമാരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവണത ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷയെയും ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, ടെലികോം കമ്പനികൾ വിഷയത്തിൽ റെ​ഗുലേറ്ററി ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്താണ് സംഭവിക്കുന്നത്?

ബാങ്കിംഗ് നിയമങ്ങൾ അനുസരിച്ച് എല്ലാ ക്രെഡിറ്റ്/ഡെബിറ്റ് ഇടപാട് സന്ദേശങ്ങളും ലൈസൻസുള്ള ടെലികോം നെറ്റ്‌‍വർക്കുകൾ വഴിയാണ് ഉപഭോക്താക്കളിൽ എത്തേണ്ടത്. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള മെസേജുകളുടെ അളവിൽ 50 ശതമാനം മുതൽ 80 ശതമാനം വരെ ഇടിവ് സംഭവിച്ചതായാണ് ടെലികോം കമ്പനികളുടെ കണ്ടെത്തൽ.

ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI), ഭാരതീയ റിസർവ് ബാങ്ക് (RBI), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോ‌ർഡ് ഓഫ് ഇന്ത്യ (SEBI) എന്നീ റെ​ഗുലറ്റർമാർ ഉൾപ്പെടുന്ന സംയുക്ത സമിതിയുടെ (JCoR) യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. ടെലികോം നെറ്റ്‌‍വർക്കുകളിലൂടെ വരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള സന്ദേശങ്ങളുടെ എണ്ണം, ടെലിമാർക്കറ്റർമാർ അയക്കുന്നതായി അവകാശപ്പെടുന്ന സന്ദേശങ്ങളേക്കാൾ വളരെ കുറവാണെന്നും ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടി.

വഴിതിരിച്ചുവിടലിന് പിന്നിൽ?

ഉപഭോക്താക്കൾക്ക് ബാങ്കിം​ഗ് ഇടപാടുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയക്കുന്നതിന് ബാങ്കുകൾ ചുമതലപ്പെടുത്തുന്ന ടെലിമാർക്കറ്റിംഗ് ഏജൻസികൾക്ക് ഒരു എസ്.എം.എസിന് ഏകദേശം 7 പൈസ നിരക്കിലാണ് പ്രതിഫലം നൽകുന്നത്. എന്നാൽ കരാറുകൾ നേടിയ ശേഷം, ചെലവ് കുറയ്ക്കുന്നതിനായി ടെലിമാ‌ർക്കറ്റിം​ഗ് ഏജൻസികൾ അനധികൃത ചാനലുകളിലൂടെ എസ്.എം.എസ് ഡെലിവറി മാറ്റുന്നതായാണ് ടെലികോം കമ്പനികൾ ആരോപിക്കുന്നത്.

പ്രധാന സുരക്ഷാ ആശങ്കകൾ

വാട്‌സാപ്‌ പോലുള്ള ഇന്റർനെറ്റ് അധിഷ്ഠിത ആപ്പുകൾ, ആർ.സി.എസ് (RCS) സർവീസുകൾ, ട്രൂകോളർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ബാങ്കിംഗ് വിവരങ്ങൾ നൽകുന്നത് ട്രായിയുടെ (TRAI) നിലവിലെ നിയന്ത്രണ പരിധിക്ക് പുറത്താണുള്ളത്.

  • സുരക്ഷാ പാളിച്ചകൾ: ഡാറ്റാ പരിശോധനയ്ക്കുള്ള 'ഡി.എൽ.ടി സ്ക്രംബ്ബിംഗ്' (DLT scrubbing), ഉപഭോക്താവിന്റെ സമ്മതം ഉറപ്പാക്കൽ, നിയമപരമായ നിരീക്ഷണം എന്നിവ തേർഡ് പാർട്ടി ആപ്പുകളിൽ സാധ്യമല്ല.

  • ഡാറ്റ ചോർച്ച: ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ഇടപാട് തുകകൾ, തീയതികൾ എന്നിവ ഉൾപ്പെടുന്ന അതീവ രഹസ്യ ഡാറ്റകൾ ഇന്ത്യയുടെ ടെലികോം പരിധിക്ക് പുറത്തുള്ള വിദേശ പ്ലാറ്റ്‌ഫോമുകളിലൂടെ കടന്നുപോകാൻ ഇത് വഴിയൊരുക്കുന്നു.

ടെലികോം കമ്പനികളുടെ ആവശ്യങ്ങൾ

ഡി.എൽ.ടി (DLT) പ്ലാറ്റ്‌ഫോമിൽ ഒരോ പ്രധാന ബാങ്കിം​ഗ് സ്ഥാപനത്തിന്റെയും എസ്.എം.എസ് സന്ദേശങ്ങളുടെ ഡെലിവറി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെടുന്നു. കൂടാതെ, ടെലികോം നെറ്റ്‌‍വർക്കുകൾ വഴി യഥാർത്ഥത്തിൽ ഡെലിവറി ചെയ്ത സന്ദേശങ്ങൾക്ക് മാത്രം ഏജൻസികൾക്ക് പണം നൽകാൻ ബാങ്കുകൾക്ക് ആർ.ബി.ഐ നിർദ്ദേശം നൽകണമെന്നും ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com