ബാങ്കുകള്‍ക്ക് ഈ ഞായറാഴ്ച പ്രവൃത്തിദിനം, അഞ്ചു ദിവസം മുടങ്ങില്ല, സര്‍ക്കാര്‍ തീരുമാനം ജീവനക്കാരുടെ ത്രിദിന പണിമുടക്കു മൂലം

സെപ്റ്റംബർ 28–30ലെ പണിമുടക്കിൽ തുടർച്ചയായ സേവന തടസ്സം ഒഴിവാക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും
Bank Opens Sunday Before Strike
ഇൻസൈറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻImage Source: Canva
Published on

സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യത്തെ വിവിധ ബാങ്ക് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, ഇടപാടുകാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും (ആർ.ആർ.ബി) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ശാഖകൾ, എ.ടി.എമ്മുകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 26 (നാലാം ശനി), 27 (ഞായർ) ദിവസങ്ങളിലെ അവധിക്ക് തൊട്ടുപിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി വന്നാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഞായറാഴ്ച ബാങ്കുകൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്.

സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ മുൻകരുതൽ

പൊതുജനങ്ങളുടെ അടിയന്തര ബാങ്കിംഗ് ആവശ്യങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ തീരുമാനമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സമരം പിൻവലിക്കണമെന്നും അധികൃതർ യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക അക്കൗണ്ട് ക്ലോസിംഗ് ദിനം കൂടിയാണ്. കണക്കുകൾ പൂർത്തിയാക്കുന്നതിനും ട്രഷറി നടപടികൾക്കും നിർണായകമായ ഈ ഘട്ടത്തിൽ, തൊട്ടുമുമ്പുള്ള ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നത് സാമ്പത്തിക മേഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബാങ്കുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രധാന പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്:

  • അടിയന്തര ബാങ്ക് ഇടപാടുകൾ സെപ്റ്റംബർ 27-ന് തന്നെ പൂർത്തിയാക്കുക.

  • പണിമുടക്ക് ദിവസങ്ങളിൽ ഡിജിറ്റൽ ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ, എ.ടി.എമ്മുകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.

ഞായറാഴ്ച ശാഖകൾ തുറന്നു പ്രവർത്തിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം പൊതുമേഖലാ, ഗ്രാമീണ ബാങ്കുകൾക്ക് മാത്രമാണ് ബാധകം. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും അവരുടെ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമായിരിക്കും.

പ്രവൃത്തിദിനങ്ങൾ 5 ആക്കുക

ആഴ്ചയിൽ അഞ്ച് ദിവസമായി പ്രവൃത്തിദിനം നിജപ്പെടുത്തണം എന്ന പ്രധാന ആവശ്യമുന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) മൂന്ന് ദിവസത്തെ സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളുമായി നടത്തിയ ചർച്ചകൾ ഇതുവരെ തീരുമാനമാകാതെ പിരിയുകയായിരുന്നു.

പണിമുടക്ക് തീയതികൾ അടുത്തിരിക്കെ, പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ തുടരുകയാണ്. എങ്കിലും ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com