

സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകൾ എടിഎം ഉപഭോക്താക്കൾക്കായി സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളിൽ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് പ്രത്യേക ചാർജുകൾ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണൽ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മെട്രോ നഗരങ്ങളിൽ മൂന്നും മറ്റ് പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകൾ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും.
പണിമുടക്ക് കാരണം ഉണ്ടാകാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ, സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, അടിയന്തിര ബാങ്കിംഗ് ഇടപാടുകൾ പണിമുടക്കിന് മുൻപായി പൂർത്തിയാക്കാനും യോനോ (YONO), ഇൻ്റർനെറ്റ്/മൊബൈൽ ബാങ്കിംഗ്, യു.പി.ഐ (UPI) തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
റീജിയണൽ റൂറൽ ബാങ്കുകളും പണിമുടക്കിൽ പങ്കാളികളാകുന്നുണ്ട്; എന്നാൽ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് തുടങ്ങിയ പുതിയ തലമുറ സ്വകാര്യ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. സമരം ഒഴിവാക്കി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ധനമന്ത്രാലയം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്കിന്റെ കാരണങ്ങളും ബാങ്ക് സേവനങ്ങളും: ബാങ്കിംഗ് മേഖലയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പിലാക്കുക, പെൻഷൻ പരിഷ്കരിക്കുക, എല്ലാ പെൻഷൻകാർക്കും ഏകീകൃത ക്ഷാമബത്ത (DA) അനുവദിക്കുക, നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) പകരം പഴയ പെൻഷൻ സ്കീം (OPS) തിരഞ്ഞെടുക്കാൻ അവസരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. ബാങ്ക് ജീവനക്കാരുടെ 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലാണ് ഈ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine