

ആഴ്ച്ചയിലെ പ്രവൃത്തിദിവസങ്ങള്‍ അഞ്ചാക്കി കുറയ്ക്കുക, ജീവനക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. സെപ്റ്റംബര്‍ 11ന് ദേശീയ വ്യാപകമായി പണിമുടക്കാന്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) നോട്ടീസ് നല്കി. ഒമ്പത് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.
സമരം മൂലം ചില സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞു കിടന്നേക്കും. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയാണ്. സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും 13 ഞായറാഴ്ചയും ബാങ്ക് അവധിയാണ്.
സെപ്റ്റംബര്‍ 14ന് ഗണേശ ചതുര്‍ഥി പ്രമാണിച്ച് ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് വ്യാപാര, വ്യവസായ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കും.
അഞ്ചുദിവസത്തെ ബാങ്കിംഗ് നടപ്പാക്കുന്നതിലെ കാലതാമസം, പെന്‍ഷന്‍ വിഷയങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ചാണ് സമരം. സെപ്റ്റംബര്‍ 28 മുതല്‍ മൂന്നുദിവസത്തെ സമരത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
2024 മാര്‍ച്ച് 8ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി അഞ്ചുദിവസ ബാങ്കിംഗുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തിസമയം 40 മിനിറ്റ് വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി തീരുമാനം ഉണ്ടാകാത്തതാണ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണം.
സെപ്റ്റംബര്‍ 11ലെ ഏകദിന സമരത്തിന് പുറമെ സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരവും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ അര്‍ധവാര്‍ഷിക അക്കൗണ്ട് ക്ലോസിംഗുമായി ബന്ധപ്പെട്ട സമയത്താകും ഈ സമരം. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല രാജ്യവ്യാപക സമരത്തിലേക്ക് കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine