ബാങ്കുകള്‍ ആഴ്ചയില്‍ 5 ദിവസം; ഉറപ്പ് ലഭിച്ചെന്ന് യൂണിയനുകള്‍; പണിമുടക്ക് പിന്‍വലിച്ചു

അടുത്ത ചര്‍ച്ച ഏപ്രില്‍ മൂന്നാം വാരത്തില്‍
Banking sector
Banking sectorImage Courtesy: Canva
Published on

ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ യൂണിയനുകള്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ട് ദിവസത്തെ പണിമുടക്ക് പിന്‍വലിച്ചു. ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര തൊഴില്‍ കമ്മീഷണറില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പണിമുടക്ക് പിന്‍വലിച്ചതോടെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ബാങ്ക് ഇടപാടുകളിലെ തടസങ്ങള്‍ മാറി.

ചര്‍ച്ച ഫലപ്രദമെന്ന് യൂണിയനുകള്‍

ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ന് കേന്ദ്ര തൊഴില്‍ കമ്മീഷണര്‍ യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.

ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, പുതിയ നിയമനങ്ങള്‍ നടത്തുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക. പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ക്കുള്ളത്.

ഇതില്‍, അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ എന്ന ആവശ്യം നടപ്പാക്കുന്നുണ്ടെന്ന് നേരിട്ട് തന്നെ പരിശോധിക്കുമെന്ന് തൊഴില്‍ കമ്മീഷണര്‍ ഉറപ്പു നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. മറ്റ് ആവശ്യങ്ങള്‍ അടുത്ത ചര്‍ച്ചയില്‍ പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചു.

അടുത്ത ചര്‍ച്ച ഏപ്രില്‍ മൂന്നാം വാരം

യൂണിയനുകള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ മൂന്നാം വാരത്തില്‍ അടുത്ത യോഗം വിളിക്കാമെന്ന് തൊഴില്‍ കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായും യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. ഈ മാസം കൂടുതല്‍ ബാങ്ക് അവധി വരുന്നതിനാല്‍ പണിമുടക്ക് സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

നാളെ നാലാം ശനിയും തുടര്‍ന്ന് ഞായറും വരുന്നതിനാല്‍ പണിമുടക്ക് തുടര്‍ച്ചയായി നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നതായിരുന്നു പ്രധാന ആശങ്ക. ഈ മാസം 31ന് ഈദ് അവധി കൂടി വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com