

ആധാര്‍, ബാങ്കിംഗ് തുടങ്ങി നിരവധി പരിഷ്‌കാരങ്ങളാണ് നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്നത്. ഏതൊരാളിന്റെയും നിത്യജീവിതത്തില്‍ ചലനം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ബാങ്കുകളും നടപ്പിലാക്കുന്നത്. നവംബര്‍ മുതല്‍ വരുന്ന പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പുതിയ നിയമപ്രകാരം ഉപയോക്താക്കള്‍ക്ക് ബാങ്കുകളില്‍ ഇനി മുതല്‍ നാല് നോമിനികളെ വരെ ഉള്‍പ്പെടുത്താം. മുമ്പ് ഒരാളെയായിരുന്നു ഇത്തരത്തില്‍ നോമിനിയായി നിര്‍ദേശിക്കാമായിരുന്നത്. ഫിക്‌സഡ് ഡെപ്പോസിറ്റ്, ലോക്കര്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇനി വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. ബാങ്കിംഗ് നിയമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി നോമിനേഷന്‍ പ്രക്രിയയില്‍ വലിയ മാറ്റവും വരുത്തിയിട്ടുണ്ട്.
ഇനി മുതല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓരോരുത്തര്‍ക്കും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. നവംബര്‍ ഒന്നുമുതല്‍ വീട്ടിലിരുന്ന് തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാം. പേര്മാറ്റം, അഡ്രസ്, ജനനത്തിയതി, മൊബൈല്‍ നമ്പര്‍, എന്നിവ ഇത്തരത്തില്‍ തിരുത്താനാകും.
ബയോമെട്രിക് അപ്‌ഡേറ്റുകള്‍ നടത്താന്‍ മാത്രം ഇനി ആധാര്‍ സെന്ററുകളില്‍ പോയാല്‍ മതിയാകും. നവംബര്‍ മുതല്‍ ആധാര്‍ അപ്‌ഡേറ്റ്‌സിന് 75 രൂപയായിരിക്കും ഫീസ്. ബയോമെട്രിക്ക്‌സിലെ തിരുത്തലുകള്‍ക്ക് 125 രൂപയും.
നവംബര്‍ ഒന്ന് മുതല്‍ എസ്.ബി.ഐ കാര്‍ഡ് ഫീസുകളില്‍ മാറ്റം വരും. തേര്‍ഡ് പാര്‍ട്ടി പേയ്‌മെന്റ് ആപ്പ് വഴി എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഒരു ശതമാനം ഫീസ് ഈടാക്കും.
വിരമിച്ച സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനായി വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം ഹാജരാക്കണം.
പുതിയ ജിഎസ്ടി രജിസ്‌ട്രേഷന്‍ സിസ്റ്റം നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇടപാടുകാര്‍ക്ക് കൂടുതല്‍ അനായാസം രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്ന വിധമാണ് പുതിയ മാറ്റം.
Read DhanamOnline in English
Subscribe to Dhanam Magazine