എം.എസ്.എം.ഇകള്‍ക്ക് വായ്പ നിരസിച്ചാല്‍ നടപടി: കേന്ദ്ര ധനമന്ത്രി

അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 'നിരസിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം, ഞാന്‍ അത് പരിശോധിക്കും'- വ്യവസായ ചേംബര്‍ അംഗങ്ങളുടെ കൂട്ടായ്മയായ ഫിക്കിയെ അഭിസംബോധന ചെയ്യവേ അവര്‍ അറിയിച്ചു.

വായ്പാ മൊറട്ടോറിയം നീട്ടുന്ന കാര്യവും വായ്പകള്‍ പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും സംബന്ധിച്ച് ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.'മൊറട്ടോറിയം വിപുലീകരണം, വായ്പാ പുന: സംഘടന എന്നിവ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യകതകള്‍ ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു.്' വികസന ധനകാര്യ സ്ഥാപനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും അവര്‍ അറിയിച്ചു.

കിട്ടാക്കട പ്രതിസന്ധിയില്‍ പൊരുതുന്ന ബാങ്കുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ലെന്നതിനാല്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ വ്യവസായം മേഖല പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടെ, ഓഗസ്റ്റ് നാലിന് ചേരുന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി യോഗം നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന സൂചന പുറത്തുവന്നു.പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.

വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികള്‍ കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്) ആണ് കുറവുവരുത്തിയത്.ഇനിയും കുറയ്ക്കുന്നതു ഗുണകരമാകില്ലെന്ന ആഭിപ്രായം വ്യാപകമായതിനിടെയാണ് റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗം നാലു മുതല്‍ ആറു വരെ നടക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it