സിബില്‍ സ്‌കോര്‍ ഇല്ലെങ്കിലും ലോണ്‍ കിട്ടാതിരിക്കില്ല; ആദ്യ വായ്പയില്‍ കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രം

ആരുടെയും ആദ്യത്തെ വായ്പ അപേക്ഷ ക്രെഡിറ്റ് ഹിസ്റ്ററി ലഭ്യമല്ലെന്ന പേരില്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
CIBIL score
Image Courtesy: Canva, highcourt.kerala.gov.in
Published on

ബാങ്ക് വായ്പയ്ക്കായി ശ്രമിക്കുന്ന പലരുടെയും പ്രശ്‌നമാണ് സിബില്‍ സ്‌കോര്‍. സാധാരണ ഗതിയില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് വായ്പ നിഷേധിക്കുകയെന്ന നയമാണ് ബാങ്കുകള്‍ പിന്തുടരുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സിബില്‍ സ്‌കോര്‍ കുറവാണെന്നതിന്റെ പേരില്‍ ആദ്യമായി വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ലോണ്‍ നിഷേധിക്കരുതെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സിബില്‍ സ്‌കോറിന്റെ പ്രാധാന്യം

300 മുതല്‍ 900 വരെയുള്ള മൂന്നക്ക സ്‌കോറായിട്ടാണ് സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ സാമ്പത്തിക അച്ചടക്കത്തെപ്പറ്റി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൃത്യമായ അറിവ് ഇതുവഴി ലഭിക്കും. സിബില്‍ സ്‌കോര്‍ കുറവാണെന്നത് ഒരാളുടെ വായ്പ തിരിച്ചടവ് ശേഷിയെ അടയാളപ്പെടുത്തുന്നതാണ്.

കൂടിയ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും താല്പര്യമാണ്. ഇ.എം.ഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്നിവയെല്ലാം സിബില്‍ സ്‌കോറിനെ സ്വാധീനിക്കും.

രാജ്യത്ത് നാല് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളാണുള്ളത്. ട്രാന്‍സ്‌യൂണിയന്‍ സിബില്‍ ലിമിറ്റഡ് (TransUnion CIBIL Ltd), എക്വുഫാക്‌സ് ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് ലിമിറ്റഡ് (Equifax Credit Information Services Pvt Ltd), സി.ആര്‍.ഐ.എഫ് ഹൈ മാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് ലിമിറ്റഡ് (CRIF High Mark Credit Information Services Pvt Ltd), എക്‌സ്പീരിയന്‍ ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനി ഓഫ് ഇന്ത്യ (Experian Credit Information Company of India) എന്നിവയാണ് ക്രെഡിറ്റ് റേറ്റിംഗ് നല്കാന്‍ അനുമതിയുള്ള ഏജന്‍സികള്‍.

ഉപയോക്താക്കള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് സൗജന്യമായി നല്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. വായ്പകള്‍ അനുവദിക്കുന്നതിന് ആര്‍ബിഐ മിനിമം ക്രെഡിറ്റ് സ്‌കോര്‍ നിബന്ധന വച്ചിട്ടില്ല. ഏതെങ്കിലും വായ്പയോ മറ്റും നല്‍കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഘടകങ്ങളിലൊന്ന് മാത്രമാണ് കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടെന്നും മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് ചരിത്രത്തിന്റെ അഭാവം മാത്രം കാരണം ആദ്യമായി വായ്പയെടുക്കുന്നവരുടെ വായ്പാ അപേക്ഷകള്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് വായ്പാദാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

The Indian government advises banks not to reject first-time loan applications solely due to lack of credit history

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com