

ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ചട്ടം, 2025-ലെ നോമിനേഷൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനേഷൻ നടത്താനുള്ള സൗകര്യം നൽകുന്നതിലൂടെ, ക്ലെയിം സെറ്റിൽമെന്റിൽ ഏകീകൃത സ്വഭാവവും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
ബാങ്ക് അക്കൗണ്ടുകൾ, സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കൾ, സേഫ്റ്റി ലോക്കറുകൾ എന്നിവയിലെ നോമിനേഷൻ സൗകര്യങ്ങളാണ് പ്രധാനമായും പുതിയ ഭേദഗതിയിലുളളത്.
ഒന്നിലധികം നോമിനേഷനുകൾ (Multiple Nominations):
നിക്ഷേപകർക്ക് ഒരേ സമയം (Simultaneous Nominations) നാല് പേർക്ക് വരെ നോമിനേഷൻ നൽകാൻ സാധിക്കും. നോമിനേറ്റികൾ ഓരോരുത്തർക്കും എത്ര ശതമാനം തുകയ്ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കാം. ആകെ വിഹിതം 100 ശതമാനം ആയിരിക്കണം. ഇത് ക്ലെയിം വിതരണം സുതാര്യമാക്കാൻ സഹായിക്കും.
നോമിനേഷന്റെ രീതി:
നിക്ഷേപ അക്കൗണ്ടുകൾക്ക്: നിക്ഷേപകർക്ക് ഒരേ സമയം (Simultaneous) നോമിനേഷനോ തുടർച്ചയായ (Successive) നോമിനേഷനോ തിരഞ്ഞെടുക്കാം.
സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കൾക്കും സേഫ്റ്റി ലോക്കറുകൾക്കും: ഇതിന് തുടർച്ചയായ (Successive) നോമിനേഷൻ മാത്രമേ അനുവദനീയമാവുകയുള്ളൂ.
തുടർച്ചയായ നോമിനേഷൻ (Successive Nomination):
ഇതിൽ നാല് നോമിനികളെ വരെ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്താൻ സാധിക്കും. ആദ്യത്തെ നോമിനിയുടെ മരണശേഷം മാത്രമേ അടുത്ത നോമിനിക്ക് അവകാശം ലഭിക്കുകയുള്ളൂ. ഇത് പിന്തുടർച്ചാവകാശത്തിൽ വ്യക്തത ഉറപ്പാക്കുന്നു.
ബാങ്കിംഗ് മേഖലയിലെ ഭരണ നിലവാരം (governance standards) ശക്തിപ്പെടുത്തുക, നിക്ഷേപക സംരക്ഷണം വർദ്ധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെടുത്തിയ നോമിനേഷൻ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നിയമഭേദഗതിയുടെ വിശാലമായ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി യുക്തിസഹമാക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Banks to Implement New Nomination Rules for Depositors from November 1, 2025.
Read DhanamOnline in English
Subscribe to Dhanam Magazine