

വിവരങ്ങളുടെ ചോര്‍ച്ചയെക്കുറിച്ച് കമ്പനിയിലെ മുന്‍ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ അഷ്നീര്‍ ഗ്രോവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പേ. തങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കര്‍ശനമായി സംരക്ഷിക്കുകയും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാരത് പേ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ഉള്ള എല്ലാ വിവരങ്ങളുടെയും സ്വകാര്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഒടിപിലെസ്സ് (OTPless) എന്ന പേരില്‍ ഒരു പുതിയ കമ്പനി സ്ഥാപിച്ച ഭാരത് പേയുടെ സഹസ്ഥാപകനായ ഭവിക് കൊളാഡിയ ഭാരത് പേയുടെ ഡാറ്റ സുരക്ഷാ നയങ്ങള്‍ ലംഘിക്കുകയും 15 കോടിയിലധികം യുപിഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്ന് ഗ്രോവര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം ഒടിപിലെസ്സ് തങ്ങളുടെ സേവന ദാതാവാണെന്നും അത് വാട്ട്സ്ആപ്പ് വഴി മാത്രം സ്ഥിരീകരണം നല്‍കാന്‍ ഉപയോഗിക്കുന്നതാണെന്നും ഭാരത് പേ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഗ്രോവറും കുടുംബാംഗങ്ങളും ചേര്‍ന്ന് 88.6 കോടി രൂപയുടെ കമ്പനി ഫണ്ട് തട്ടിയെടുത്തെന്നാരോപിച്ച് ഭാരത് പേയും അഷ്നീര്‍ ഗ്രോവറും തമ്മില്‍ നിയമപോരാട്ടം നടക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine