റെക്കോഡടിച്ച് ബിറ്റ്‌കോയിന്‍! യു.എസ്-റഷ്യ തര്‍ക്കത്തിന് പുതിയ കാരണം, ഗൂഗിളിന്റെ പുതിയ ചിപ്പ് കെണിയാകുമെന്നും പ്രവചനം

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയിലുള്ള ഭാവിയെന്ത്? സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കാന്‍ കഴിയുമോ?
newly elected us president donald J Trump, bit coin high representational image
image credit : canva and facebook 
Published on

പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ക്രിപ്‌റ്റോകറന്‍സി 1,06,195 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 90,10,212 ഇന്ത്യന്‍ രൂപ) എന്ന നിലയിലെത്തി. 1,04,493 ഡോളറില്‍ വ്യാപാരം തുടങ്ങിയ ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കോഡിലെത്തിയ ശേഷം പിന്നീട് താഴേക്കിറങ്ങി. ക്രൂഡ് ഓയിലിന് സമാനമായ ബിറ്റ്കോയിന്‍ ശേഖരമുണ്ടാക്കാനുള്ള (ബിറ്റ്‌കോയിന്‍ സ്റ്റാര്‍റ്റജിക്ക് റിസര്‍വ്) നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയാണ് കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അനുകൂലമായ മറുപടിയാണ് ട്രംപ് നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ ബിറ്റ്‌കോയിന്‍ വില 1,10,000 ഡോളറിലെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഈ സാഹചര്യത്തിൽ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയിലുള്ള ഭാവിയെന്ത്? സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കാന്‍ കഴിയുമോ? പരിശോധിക്കാം.

ക്രിപ്‌റ്റോയില്‍ മുമ്പേ നടക്കാന്‍ യു.എസ്

ക്രിപ്‌റ്റോ കറന്‍സി രംഗത്ത് ചൈനയടക്കമുള്ള രാജ്യങ്ങള്‍ നേട്ടം കൊയ്യുന്നത് തടയാന്‍ ഈ രംഗത്തേക്ക് അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് ട്രംപ് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചയാളാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വീണ്ടുമെത്തിയതിന് പിന്നാലെയാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ പുതിയ ഉയരത്തിലേക്ക് കുതിച്ചത്. 50 ശതമാനത്തോളം വില വര്‍ധിച്ച ബിറ്റ്‌കോയിനുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ക്രിപ്‌റ്റോ യുദ്ധത്തിന് റഷ്യയും

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശവും അമേരിക്കന്‍ നിലപാടുകളെ സ്വാധീനിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുക്രെയിന്‍ അധിനിവേശത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം റഷ്യക്ക് തലവേദനയായിരുന്നു. ഇതിനെ നേരിടാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കഴിയുമെന്നാണ് പുടിന്റെ നിലപാട്. യു.എസ് ഡോളറിനെ രാഷ്ട്രീയമായി എതിരാളികള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ അമേരിക്ക മടിക്കാറില്ല. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളെ തടയാന്‍ ആര്‍ക്ക് കഴിയുമെന്നും പുടിന്‍ ചോദിച്ചിരുന്നു. കൂടാതെ ക്രിപ്‌റ്റോ മൈനിംഗ് സംബന്ധിച്ച പുതിയ ചട്ടങ്ങളും റഷ്യ കഴിഞ്ഞ മാസം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയമാണ്.

ഇതുവരെ കണ്ടത് സാമ്പിള്‍ മാത്രം

അതേസമയം, ഇതുവരെ ബിറ്റ്‌കോയിനില്‍ കണ്ടത് സാമ്പിള്‍ മാത്രമാണെന്നും ഇക്കൊല്ലം തീരുന്നതിന് മുമ്പ് വില 1,20,000 ഡോളര്‍ കടക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ 2025 മധ്യത്തോടെ ബിറ്റ്‌കോയിന്‍ 1.5 ലക്ഷം ഡോളറിന് മുകളിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നും ഇവര്‍ പറയുന്നു. അധികം വൈകാതെ ബിറ്റ്‌കോയിന്‍ വില 2.5 ലക്ഷം ഡോളര്‍ കടക്കുമെന്ന് പ്രവചിക്കുന്ന നിക്ഷേപകരുമുണ്ട്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഉയരത്തിലേക്ക് കുതിക്കുന്നത് പോലെ തകരുമെന്ന വാദം ഉയര്‍ത്തുന്നവരും കുറവല്ല. ബിറ്റ്‌കോയിനും എതേറിയത്തിനും (Ethereum) പിന്നാലെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടെറ കോയിന്‍ (Terra - UST) 2022 മേയില്‍ ഇടിഞ്ഞതോടെ 50 ബില്യന്‍ യു.എസ് ഡോളര്‍ നിക്ഷേപകര്‍ക്ക് നഷ്ടമായതാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗൂഗിളിന്റെ ചിപ്പ് തലവേദനയാകുമോ?

അടുത്തിടെ ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ക്വാണ്ടം കംപ്യൂട്ടിംഗ് മൈക്രോ പ്രോസസര്‍ ചിപ്പായ വില്ലോ (Willow) ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഭീഷണിയാകുമോയെന്ന ആശങ്കയും ശക്തമാണ്. ഇപ്പോഴത്തെ സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്ക് 10 സെപ്റ്റില്യന്‍ ( 10 Septillion) വര്‍ഷമെടുത്ത് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ അഞ്ച് മിനിറ്റിനുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചിപ്പാണിതെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഒന്നിന് ശേഷം 24 പൂജ്യം ചേര്‍ക്കുമ്പോഴാണ് ഒരു സെപ്റ്റില്യന്‍ വര്‍ഷമെത്തുകയെന്നത് വിഷയത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇത്രയും പവര്‍ഫുള്ളായ ചിപ്പുകള്‍ ക്രിപ്‌റ്റോകറന്‍സികളുടെ അടിസ്ഥാനമായ ബ്ലോക്ക് ചെയിനുകളെ ഭേദിക്കുമോ എന്ന ആശങ്കയാണ് ചില വിദഗ്ധര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സി രംഗത്തെ വാര്‍ത്താ വെബ്‌സൈറ്റായ കോയിന്‍പീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിപ്‌റ്റോകറന്‍സികള്‍ ഇപ്പോഴും സുരക്ഷിതമാണ്. ബൈനറി സംഖ്യാ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള കമ്പ്യൂട്ടറുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത പല ജോലികളും വില്ലോക്ക് ചെയ്യാന്‍ കഴിയുമെങ്കിലും ക്രിപ്‌റ്റോകറന്‍സികളുടെ എന്‍ക്രിപ്ഷന്‍ വേലി പൊട്ടിക്കാന്‍ ശേഷിയില്ലെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ക്വാണ്ടം കംപ്യൂട്ടിംഗ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലോയുടെ നിലവിലെ ശേഷി 105 ക്യൂബിറ്റ്‌സാണ് (Qubits). എന്നാല്‍ ബിറ്റ്‌കോയിന്‍ സുരക്ഷാവേലി ഭേദിക്കാന്‍ 13 മില്യന്‍ ക്യുബിറ്റ്‌സ് ശേഷി വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിംഗ് ചിപ്പുകള്‍ ഭാവിയില്‍ ക്രിപ്‌റ്റോകള്‍ക്ക് ഭീഷണിയാകുമെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു.

ഇന്ത്യയിലെ ഭാവിയെന്ത്?

ക്രിപ്‌റ്റോകറന്‍സികളെ ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കറന്‍സിയായി ഉപയോഗിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. ഇതുപയോഗിച്ചുള്ള ട്രേഡിംഗും നിക്ഷേപവും അനുവദിനീയമാണെന്നും ക്രിപ്‌റ്റോ രംഗത്തുള്ളവര്‍ പറയുന്നു. ക്രിപ്‌റ്റോയില്‍ നിന്നുള്ള വരുമാനത്തില്‍ 30 ശതമാനം നികുതിയും 1 ശതമാനം ടി.ഡി.എസും ചുമത്തുന്നത് അവയെ സാമ്പത്തിക ആസ്തിയായി (Financial Assets) അംഗീകരിക്കുന്നത് കൊണ്ടാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത്രയും ഉയര്‍ന്ന നികുതി ചുമത്തുന്നത് ക്രിപ്‌റ്റോകറന്‍സികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിനുള്ളതെന്ന സൂചനയാണെന്ന വാദവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇന്ത്യക്കാരുടെ വിനിമയത്തിന് കുറവൊന്നുമില്ല. 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യക്കാര്‍ 250 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി വിനിമയം നടത്തിയതായാണ് കണക്ക്. അതേസമയം, ആര്‍.ബി.ഐ, സെബി, ധനമന്ത്രാലയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ മന്ത്രിതല സമിതി ക്രിപ്‌റ്റോ കറന്‍സികള്‍ സംബന്ധിച്ച നിയമ നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ്. അധികം വൈകാതെ തന്നെ ഇതുസംബന്ധിച്ച കരട് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും കാത്തിരുന്ന് കാണാമെന്നാണ് ക്രിപ്‌റ്റോ ആരാധകരുടെ നിലപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com