

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ബാധകമാക്കാനിരിക്കെ, ഇതിന്റെ ചെലവ് ഉപയോക്താക്കളിലേക്ക് കൈമാറുന്നുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ ദിവസവും നിരീക്ഷിക്കും. കടയുടമകളും മറ്റ് വ്യാപാരികളും യുപിഐ പേയ്‌മെന്റിന് പ്രത്യേക നിരക്ക് ഈടാക്കുന്നതോ ഉല്‍പന്നവില കൂട്ടുന്നതോ തടയുകയാണ് ലക്ഷ്യം.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത പേഴ്സണ്‍-ടു-മര്‍ച്ചന്റ് ഇടപാടുകള്‍ക്കാണ് 0.4 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരവുമായി താരതമ്യം ചെയ്ത് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംഡിആര്‍ വ്യാപാരികളാണ് വഹിക്കേണ്ടതെന്നും ഉപയോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റും പണം അയയ്ക്കുന്നതുള്‍പ്പെടെ വ്യക്തികള്‍ തമ്മിലുള്ള എല്ലാ യുപിഐ ഇടപാടുകളും തുകയുടെ പരിധിയില്ലാതെ സൗജന്യമായി തുടരും. സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള പണമാറ്റത്തിനും നിരക്ക് ബാധകമാകില്ല.
വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള 2,000 വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ ഉണ്ടായിരിക്കില്ല. ഇതോടെ ആകെ വ്യാപാര ഇടപാടുകളില്‍ ഏകദേശം 96 ശതമാനത്തെയും പുതിയ നിരക്ക് ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
പുതിയ നിരക്ക് ഏതെല്ലാം ഇടപാടുകള്‍ക്ക് ബാധകമാണെന്നും ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ഇളവുണ്ടെന്നും വ്യാപാരികളെ അറിയിക്കുന്നതിന് പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാരുമായി ചേര്‍ന്ന് ബോധവത്കരണ പരിപാടികള്‍ നടത്തും.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നശേഷമുള്ള ഫലം വിലയിരുത്തിയാകും തുടര്‍നടപടികള്‍. ഒക്ടോബര്‍ 15നുശേഷം യുപിഐ ഇടപാടുകള്‍ കുറയാനോ പണത്തിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനയുണ്ടാകാനോ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും തുകയുടെ പരിധിയില്ലാതെ എംഡിആറില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര പേയ്‌മെന്റ് സംവിധാനമായ റുപേയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ്.
വിദേശ സമ്മര്‍ദത്തെത്തുടര്‍ന്നാണ് യുപിഐയില്‍ എംഡിആര്‍ കൊണ്ടുവന്നതെന്ന ആരോപണം കേന്ദ്രം തള്ളി. അമേരിക്കന്‍ കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ഫോണ്‍പേയും ഗൂഗിള്‍ പേയും ചേര്‍ന്ന് രാജ്യത്തെ യുപിഐ ഇടപാടുകളുടെ ഏകദേശം 80% കൈകാര്യം ചെയ്യുന്നുണ്ട്. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന് കൈകാര്യം ചെയ്യാവുന്ന യുപിഐ ഇടപാടുകള്‍ ആകെ ഇടപാടുകളുടെ 30 ശതമാനമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കല്‍ പലതവണ നീട്ടി. നിലവിലെ സമയപരിധി 2026 ഡിസംബറാണ്.
വന്‍കിട കമ്പനികളുമായി മത്സരിക്കാന്‍ വരുമാനമാര്‍ഗം ആവശ്യമാണെന്ന് ചെറുകിട ഇന്ത്യന്‍ പേയ്‌മെന്റ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എംഡിആര്‍ പുതിയ കമ്പനികളുടെ കടന്നുവരവിനും നിലവിലുള്ള ചെറുകിട കമ്പനികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
2,000 വരെയുള്ള കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് നിലവില്‍ നല്‍കുന്ന സര്‍ക്കാര്‍ പ്രോത്സാഹന പദ്ധതി ഒക്ടോബര്‍ 15നുശേഷം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട വ്യാപാരികളിലേക്കുള്ള ഇടപാടിന് മൂല്യത്തിന്റെ പരമാവധി 0.15% വരെയാണ് പദ്ധതിപ്രകാരം പേമെന്റ് സേവനദാതാക്കള്‍ക്ക് നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine