

രാജ്യത്തെ ഗ്രാമീണ മേഖലയുടെ നട്ടെല്ലായ റീജിയണല്‍ റൂറല്‍ ബാങ്കുകളെ (ആര്‍.ആര്‍.ബി) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കുറഞ്ഞത് രണ്ട് ആര്‍.ആര്‍.ബികളെങ്കിലും ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ഗ്രാമീണ ബാങ്കിംഗ് മേഖലയില്‍ പുതിയൊരു യുഗത്തിന് തുടക്കമിടുന്ന ഈ നീക്കത്തിനായി സ്‌പോണ്‍സര്‍ ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഉത്തര്‍പ്രദേശ് ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ആദ്യ ഘട്ടത്തില്‍ ലിസ്റ്റിംഗിനായി പരിഗണിക്കുന്നത്.
ഒരു സംസ്ഥാനത്തിന് ഒരു ആര്‍.ആര്‍.ബി എന്ന നയമനുസരിച്ച് ഗ്രാമീണ ബാങ്കുകള്‍ അടുത്തിടെ ലയിപ്പിച്ചിരുന്നു. നിലവില്‍ കേരള ഗ്രാമീണ ബാങ്ക് (Kerala Grameena Bank/KGB) അടക്കം രാജ്യത്ത് 28 ആര്‍.ആര്‍.ബികളാണ് ഉള്ളത്. ഈ ലയനത്തിലൂടെ ആര്‍.ആര്‍.ബികളുടെ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
ആര്‍.ആര്‍.ബികളുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിനും കൂടുതല്‍ മൂലധനം ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ പബ്ലിക് ലിസ്റ്റിംഗ് നടത്തുന്നത്. ലിസ്റ്റിംഗിന് മുന്നോടിയായി ബാങ്കുകളുടെ സാങ്കേതിക നവീകരണവും ലയന പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെങ്കില്‍ ചില സാമ്പത്തിക മാനദണ്ഡങ്ങള്‍ ആര്‍.ആര്‍.ബികള്‍ പാലിക്കേണ്ടതുണ്ട്. അതായത്:
* കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞത് 300 കോടി രൂപയുടെ അറ്റമൂല്യം (Net Worth) ഉണ്ടായിരിക്കണം.
* കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് വര്‍ഷമെങ്കിലും കുറഞ്ഞത് 15 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം (Pre-tax operating profit) നേടിയിരിക്കണം.
* കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വര്‍ഷം 10 ശതമാനം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (RoE) ഉണ്ടായിരിക്കണം.
കേരളത്തിലെ റീജിയണല്‍ റൂറല്‍ ബാങ്കാണ് മലപ്പുറം ആസ്ഥാനമായുള്ള കേരള ഗ്രാമീണ ബാങ്ക്. കേരള ഗ്രാമീണ ബാങ്കിന്റെ സാമ്പത്തിക നിലവാരം പരിശോധിക്കുമ്പോള്‍, ലിസ്റ്റിംഗിനായുള്ള പ്രധാന മാനദണ്ഡങ്ങളെല്ലാം ബാങ്ക് പാലിക്കാന്‍ സാധ്യതയുണ്ട്.
കേരള ഗ്രാമീണ ബാങ്കിന്റെ ലാഭം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 313 കോടി രൂപയാണ്. തൊട്ട് മുന്‍ വര്‍ഷങ്ങളിലും ബാങ്ക് മുന്നൂറ് കോടി രൂപയ്ക്ക് മുകളില്‍ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 12.70 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 19.74, 19.84 എന്നിങ്ങനെയായിരുന്നു.
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) എന്നത് ഒരു കമ്പനിയുടെ ലാഭക്ഷമത അളക്കുന്ന പ്രധാന സാമ്പത്തിക അനുപാതമാണ്. ഓഹരി ഉടമകള്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കമ്പനി എത്രത്തോളം വരുമാനം ഉണ്ടാക്കുന്നു എന്ന് കാണിക്കുന്നതാണിത്. കമ്പനിയുടെ അറ്റവരുമാനത്തെ (Net Income) ഷെയര്‍ഹോള്‍ഡര്‍മാരുടെ ആകെ ഇക്വിറ്റി (Shareholder's Equity) കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്, നിക്ഷേപിച്ച മൂലധനം കാര്യക്ഷമമായി ഉപയോഗിച്ച് കമ്പനിക്ക് ലാഭം നേടാന്‍ കഴിയുന്നു എന്നതാണ് ഉയര്‍ന്ന ആര്‍.ഒ.ഇ സൂചിപ്പിക്കുന്നത്. ബാങ്കിന്റെ മൊത്തം ആസ്തികളില്‍ നിന്ന് ബാധ്യതകള്‍ കുറച്ച ശേഷമുള്ളതാണ് നെറ്റ്‌വര്‍ത്ത് അഥവാ ആസ്തി മൂല്യം.
ലിസ്റ്റിംഗിനായി തിരഞ്ഞെടുക്കുന്ന ബാങ്കുകളുടെ അന്തിമ പട്ടിക ധനമന്ത്രാലയമാണ് പ്രഖ്യാപിക്കുക. നിലവില്‍ കേരള ഗ്രാമീണ ബാങ്കിനെ ആദ്യഘട്ട ലിസ്റ്റിംഗിനായി ഔദ്യോഗികമായി തിരഞ്ഞെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല. കേരള ഗ്രാമീണ ബാങ്കിന്റെ സ്‌പോണ്‍സര്‍ ബാങ്കായ കനറാ ബാങ്കിന്റെ ആവശ്യം പരിഗണിച്ച് അടുത്തിടെയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പേര് കേരള ഗ്രാമീണ ബാങ്ക് എന്നാക്കിയത്.
കനറയ്ക്ക് പുറമേ കേരള സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ബാങ്കില്‍ ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍, കേന്ദ്രസര്‍ക്കാരിന് 50 ശതമാനം, സംസ്ഥാന സര്‍ക്കാരിന് 15 ശതമാനം, സ്‌പോണ്‍സര്‍ ബാങ്കിന് 35 ശതമാനം എന്നിങ്ങനെയാണ് ആര്‍.ആര്‍.ബികളിലെ ഓഹരി പങ്കാളിത്തം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമീണ ബാങ്കുകള്‍ മൊത്തത്തില്‍ 6,825 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
Centre plans IPO listing for RRBs by 2027; Kerala Gramin Bank among potential candidates.
Read DhanamOnline in English
Subscribe to Dhanam Magazine