ഇന്‍ഷുറന്‍സ് അന്യായ ലാഭമെടുപ്പായോ? ഈ രംഗത്തെ പ്രശ്‌നങ്ങളും പോരായ്മകളും എന്തൊക്കെയാണ്?

ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് ആശുപത്രികളും വാഹന ഷോറൂമുകളും നടത്തുന്ന അന്യായമായ ലാഭമെടുപ്പാണ്. ക്ലെയിമുകൾ ലഭിക്കുന്നതിലെ കാലതാമസം കർഷകർ നേരിടുന്ന വലിയൊരു പ്രശ്നമാണ്
insurance sector, Kerala
Image courtesy: Canva
Published on

കേരളത്തിലെ ഇൻഷുറൻസ് മേഖല വലിയ വളർച്ചാസാധ്യതകൾ പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ നിരവധി പോരായ്മകളും സുതാര്യമല്ലാത്ത പ്രവണതകളും ഈ രംഗത്ത് പുഴുക്കുത്തുകളായി മാറുന്നു. ഇന്ത്യയിലെ മൊത്തം ഇൻഷുറൻസ് പോർട്ട്‌ഫോളിയോയുടെ ഏകദേശം 72 ശതമാനവും ഹെൽത്ത്, മോട്ടോർ ഇൻഷുറൻസ് വിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈ രണ്ട് മേഖലകളുടെയും യഥാർത്ഥ ഗുണഫലം പലപ്പോഴും ഉപയോക്താക്കളിലേക്ക് എത്തുന്നില്ല എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന പോരായ്മ.

സേവനദാതാക്കളുടെ അന്യായമായ ഇടപെടലുകൾ

ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് ആശുപത്രികളും വാഹന ഷോറൂമുകളും നടത്തുന്ന അന്യായമായ ലാഭമെടുപ്പാണ്. ഇൻഷുറൻസ് ഉള്ള രോഗികളെയും ഇല്ലാത്തവരെയും രണ്ട് രീതിയിലാണ് പല ആശുപത്രികളും പരിഗണിക്കുന്നത്. ഇൻഷുറൻസ് ഉണ്ടെന്നറിഞ്ഞാൽ അനാവശ്യമായ പരിശോധനകൾ നടത്താനും, കൂടുതൽ ദിവസം കിടത്തി ചികിത്സിക്കാനുമുള്ള പ്രവണത ചില ആശുപത്രികൾ കാട്ടുന്നു.

സമാനമായ അവസ്ഥ തന്നെയാണ് വാഹന ഇൻഷുറൻസ് രംഗത്തുമുള്ളത്. സാധാരണ വർക്ക്ഷോപ്പുകളിൽ 1,000 രൂപക്ക് തീരുന്ന അറ്റകുറ്റപ്പണികൾക്ക് അംഗീകൃത ഷോറൂമുകൾ 5,000 രൂപ വരെ ഈടാക്കുന്നു. ഇതിന്റെ ഗുണഫലം ഇൻഷുറൻസ് കമ്പനികൾക്കോ ഉപഭോക്താക്കള്‍ക്കോ ലഭിക്കുന്നില്ല.

അമിതമായ കമ്മീഷനും അനാരോഗ്യകരമായ മത്സരവും

ഇൻഷുറൻസ് മേഖലയിലെ മറ്റൊരു വലിയ ഭീഷണി അമിതമായ കമ്മീഷൻ നിരക്കുകളാണ്. ലൈഫ് ഇൻഷുറൻസ് മേഖലയിൽ 50 മുതൽ 60 ശതമാനം വരെ കമ്മീഷൻ നൽകുന്നുണ്ട്, ഇത് യഥാർത്ഥത്തിൽ പോളിസി ഉടമകളുടെ പണമാണ് നഷ്ടപ്പെടുത്തുന്നത്. വാഹന ഇൻഷുറൻസിൽ, പ്രത്യേകിച്ച് സ്കൂൾ ബസുകൾക്ക് 70-75 ശതമാനവും ഗുഡ്സ് വാഹനങ്ങൾക്ക് 55 ശതമാനവും വരെ കമ്മീഷൻ നൽകുന്ന രീതി നിലവിലുണ്ട്. ഇത് വിപണിയിൽ 'കട്ട് ആൻഡ് പേ' (Cut and Pay) പോലുള്ള തെറ്റായ പ്രവണതകൾക്ക് വഴിവെക്കുന്നു. ഏജന്റുമാർക്ക് ലഭിക്കുന്ന ഉയർന്ന കമ്മീഷനിൽ നിന്ന് ഒരു ഭാഗം ഉപഭോക്താവിന് തിരികെ നൽകി ബിസിനസ് പിടിക്കുന്ന ഈ രീതി വിപണിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.

വ്യാജ ക്ലെയിമുകളും സർവേയിലെ പോരായ്മകളും

വിപണിയിലെ ക്ലെയിമുകളിൽ 30 മുതൽ 40 ശതമാനം വരെ വ്യാജമാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ലൈസൻസ് ഇല്ലാത്തവർ വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് ഉള്ളയാളെ പകരക്കാരനാക്കുക, ഹെൽമെറ്റ് ഇല്ലാത്തവർക്ക് ഹെൽമെറ്റ് ഉണ്ടെന്ന് വരുത്തിത്തീർക്കുക തുടങ്ങിയ നിയമവിരുദ്ധമായ കാര്യങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. കൂടാതെ, ഇൻഷുറൻസ് സർവേയർമാർ ഇപ്പോഴും പഴയ രീതികൾ പിന്തുടരുന്നതും ടെക്നോളജി വേണ്ടവിധം ഉപയോഗിക്കാത്തതും സുതാര്യത കുറയ്ക്കുന്നു. സർവേ റിപ്പോർട്ടുകൾ പലപ്പോഴും ഉപഭോക്താക്കളുമായി പങ്കുവെക്കാറില്ല എന്നതും വലിയൊരു ന്യൂനതയാണ്.

സാധാരണക്കാർക്ക് അപ്രാപ്യമായ പോളിസികൾ

ഇൻഷുറൻസ് വ്യാപിപ്പിക്കണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് അഫോർഡബിൾ ആയ പോളിസികൾ ഇന്ന് വിപണിയിൽ കുറവാണെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ ഒഡാട്ട് ചൂണ്ടിക്കാട്ടുന്നു. 15,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾക്ക് ഇന്ന് ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുക എന്നത് പ്രായോഗികമല്ല. പല കമ്പനികളും 10 ലക്ഷം അല്ലെങ്കിൽ 25 ലക്ഷം രൂപയുടെ കുറഞ്ഞ ടേം ഇൻഷുറൻസ് പോളിസികൾ നൽകാൻ തയാറാകാത്തതും, പകരം ₹50 ലക്ഷത്തിന് മുകളിലുള്ളവ മാത്രം വിൽക്കുന്നതും സാധാരണക്കാരെ ഈ മേഖലയിൽ നിന്ന് അകറ്റുന്നു.

കർഷക ഇൻഷുറൻസിലെ പ്രതിസന്ധി

കേരളത്തിലെ കർഷകർ നേരിടുന്ന വലിയൊരു പ്രശ്നം ക്ലെയിമുകൾ ലഭിക്കുന്നതിലെ കാലതാമസമാണെന്നും വിശ്വനാഥന്‍ ഒഡാട്ട് പറഞ്ഞു. സർക്കാർ സബ്‌സിഡി തുക കൃത്യമായി നൽകാത്തതിനാൽ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ക്ലെയിമുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്.

2023 മുതൽ 2025 വരെയുള്ള ആറ് സീസണുകളിലെ ക്ലെയിമുകൾ പല കർഷകർക്കും ഇതുവരെ ലഭിച്ചിട്ടില്ല.

കാലാവസ്ഥ വിവരങ്ങള്‍ (Weather data) ലഭ്യമായിട്ടും ക്ലെയിം നൽകാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് ഈ മേഖലയിലെ വലിയൊരു വീഴ്ചയാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവരുടെ അത്യാവശ്യ കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക പ്രേമം പോയ്മുഖമാണോയെന്ന സംശയം ശക്തമാണെന്നും ഇവര്‍ പറയുന്നു.‍

ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കാൻ സാധാരണക്കാർക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കൊണ്ടുവരികയും, കമ്മീഷൻ നിരക്കുകൾ നിജപ്പെടുത്തുകയും, ക്ലെയിം നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ മേഖലയുടെ നിലനിൽപ്പിന് അത്യാവശ്യമായി മാറിയിരിക്കുകയാണ്.

Kerala’s insurance sector faces challenges from high commissions, fake claims, lack of transparency, and limited affordable policies.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com