
പ്രമുഖ ഇന്ത്യന്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ആലിബാബ ഗ്രൂപ്പിലുള്ള ആന്റിന്റെ കൈവശമുള്ള 2,200 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്.
ഷെയര്‍ ഒന്നിന് 809.75 രൂപ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇന്ന് പേടിഎം ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 866 രൂപയിലാണ് ക്ലോസ് ചെയതത്. വിപണി വിലയേക്കാള്‍ 6 ശതമാനം താഴെയാണ് ബ്ലോക്ക് ഡീല്‍ വില.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആലിബാബ കമ്പനി പേടിഎം ഓഹരികള്‍ വില്‍ക്കുന്നത്. 2023 ഓഗസ്റ്റില്‍ 10.3 ശതമാനം ഓഹരികള്‍ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശങ്കര്‍ ശര്‍മക്ക് വിറ്റിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലെ കണക്ക് പ്രകാരം ആന്റ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആന്റ്ഫിന്റെ കൈവശം പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ 9.85 ശതമാനം ഓഹരികള്‍ ഉണ്ട്.
ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കില്‍ പേടിഎം കമ്പനിയുടെ നഷ്ടത്തില്‍ കുറവ് വന്നിട്ടില്ല. മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് 540 കോടി രൂപ നഷ്ടത്തിലാണ്. മുന്‍ പാദത്തില്‍ നഷ്ടം 208 കോടി രൂപയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine