സി.ഐ.എഫ് നമ്പറിനെ കുറിച്ച് അറിയാമോ, നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളിലേക്കുള്ള സുപ്രധാന കീ

ഈ 11 അക്ക കോഡില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് നിങ്ങളുടെ എല്ലാ വിവരങ്ങളും
സി.ഐ.എഫ് നമ്പറിനെ കുറിച്ച് അറിയാമോ, നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളിലേക്കുള്ള സുപ്രധാന കീ
Published on

നിങ്ങളുടെ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ (CIF) നമ്പര്‍ എത്രയാണെന്ന്‌ അറിയാമോ? ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഇത്തരം ചില ഡിജിറ്റല്‍ കോഡുകള്‍ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ബാങ്ക് നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കുന്നത് ഈ കോഡ് വഴിയാണ്. അതിനനുസരിച്ചാണ് നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതുമൊക്കെ.

ഓരോ ബാങ്കും അവരുടെ ഉപഭോക്താവിന് നല്‍കിയിട്ടുള്ള ഒരു ഏകീകൃത നമ്പറാണ് സി.ഐ.എഫ്. ബാങ്ക് അക്കൗണ്ട് നമ്പറില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ വിവിധ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എല്ലാം ഇതില്‍ അറിയാനാകും. ബാങ്കിലൊരു ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍ അതിന് ഒരു അക്കൗണ്ട് നമ്പറാകും. സേവിംഗ്‌സ് ബാങ്കിന് വേറെ. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ നമ്പറില്‍ സൂക്ഷിച്ചിരിക്കുകയാണ് സി.ഐ.എഫില്‍. വിവിധ അക്കൗണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, മറ്റ് സേവനങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്ക് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അറിയാന്‍ ഈ നമ്പര്‍ മതിയാകും.

എന്തൊക്കെ വിവരങ്ങളാണെന്ന് നോക്കം:

* പേര്, മേല്‍വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവയെല്ലാം ഡിജിറ്റല്‍ നമ്പറില്‍ ഉണ്ടാകും.

* സേവിംഗ്‌സ്, കറന്റ്, ലോണ്‍ അക്കൗണ്ടുകള്‍ എന്നിവ തുടങ്ങിയ സമയവും തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍

*ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ കെ.വൈ.സി വിവരങ്ങള്‍.

* ഇ.എം.ഐ, ബാലന്‍സുകള്‍, വായ്പാ തുക, തിരിച്ചടവ് കാലാവധി തുടങ്ങിയ നിര്‍ണായക വിവരങ്ങളും ഉണ്ടാകും.

* ക്രെഡിറ്റ് കാര്‍ഡുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റക്കറിംഗ് നിക്ഷേപങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അതും ഉള്‍പ്പെടും.

എന്തുകൊണ്ട് ഈ നമ്പര്‍ പ്രധാനം?

അക്കൗണ്ട് ഉടമയുടെ ബാങ്കിംഗുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് ഒറ്റയടിക്ക് അറിയാം. എല്ലാ അടിസ്ഥാന വിവരങ്ങളും ഇതില്‍ ലഭ്യമായതിനാല്‍ പുതിയ അക്കൗണ്ടു തുറക്കാനും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുമൊക്കെ എളുപ്പത്തില്‍ സാധിക്കും. തട്ടിപ്പ് തടയാനും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് തടയാനും കൂടുതല്‍ സുരക്ഷിതം.

ഐ.എഫ്.സിയും സി.ഐ.എഫും

ഐ.എഫ്.എസ്.സി കോഡും സി.ഐ.എഫും വ്യത്യസ്തമാണ്. ബാങ്കിംഗിലെ തന്നെ രണ്ടു ലക്ഷ്യങ്ങളാണ് ഇവ നിറവേറ്റുന്നത്. കസ്റ്റമേഴ്‌സിന് അക്കൗണ്ടുള്ള ബാങ്കിന്റെ വിവിരമാണ് ഐ.എഫ്.സി കോഡ് പങ്കുവയ്ക്കുന്നത്. അതേസമയം, ഉപയോക്താവിന്റെ ബാങ്കിംഗ് പ്രൊഫൈലാണ് സി.ഐ.എഫ് നമ്പര്‍. പേഴ്‌സണല്‍ വിവരങ്ങള്‍, അക്കൗണ്ട് ഇടപാടുകള്‍ തുടങ്ങിയവ ഇതിലൂടെ അറിയാം. 11 കാരക്ടറുള്ള ആല്‍ഫന്യൂമെറിക് കോഡ് ആണ്‌ ഐ.എഫ്.എസ്.സി. ഒരു ശാഖയ്ക്ക് ഒറ്റ നമ്പറായാരിക്കും. സി.എ.എഫ് ആകട്ടെ ഓരോ ഉപയോക്താവിനും വ്യത്യസ്തമായിരിക്കും.

അതുകൊണ്ട് തന്നെ സി.ഐഎഫ് വളരെ പ്രധാനപ്പെട്ടതാണ്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ, വായ്പയെടുക്കാനോ അല്ലെങ്കില്‍ അക്കൗണ്ടുകള്‍ ലിങ്കുചെയ്യാനോ ഒക്കെ ഈ നമ്പര്‍ പ്രധാനമാണ്.

എവിടെ കാണാനാകും?

ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ലഭിക്കുന്ന പാസ്ബുക്കിലോ ചെക്ക് ബുക്കിലോ സി.ഐ.എഫ് പ്രിന്റ് ചെയ്തിട്ടുണ്ടാകാറുണ്ട്. ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴിയും അല്ലെങ്കില്‍ നേരിട്ട് ബാങ്കില്‍ ചെന്നാലും സി.ഐ.എഫ് നമ്പര്‍ അറിയാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com