''കിട്ടാക്കടം കൂടിയേക്കില്ല, വായ്പകള്‍ക്ക് ആവശ്യക്കാരേറും''

''കിട്ടാക്കടം കൂടിയേക്കില്ല, വായ്പകള്‍ക്ക് ആവശ്യക്കാരേറും''
Published on

പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബാങ്കിംഗ് രംഗത്ത് തനതായ അടയാളമിട്ടിരിക്കുകയാണ് തൃശൂരില്‍ നിന്ന് തുടക്കമിട്ട ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച് വെറും രണ്ടും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയും ഇസാഫ് നേടിയെടുത്തു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇസാഫിന്റെ ഐപിഒയ്ക്കുള്ള അനുമതി സെബിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തില്‍ താളിക്കോട് ഗ്രാമത്തിലെ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ചെറിയൊരു വായ്പ നല്‍കി കൊണ്ട് മൈക്രോ ഫിനാന്‍സ് രംഗത്തേക്ക് കടന്ന ഇസാഫ് ഇന്ന് രാജ്യത്തെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു.

കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണും മൂലം ഗ്രാമീണ ഇന്ത്യയുടെ ഉപജീവന മാര്‍ഗം തന്നെ അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മൈക്രോഫിനാന്‍സ് രംഗത്തുണ്ടാകാനിടയുള്ള കാര്യങ്ങളെയും ഇസാഫിന്റെ പുതിയ പദ്ധതികളെ കുറിച്ചും മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കെ. പോള്‍ തോമസ് സംസാരിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വീട് ഓഫീസാക്കി, ശാഖകള്‍ പ്രവര്‍ത്തിച്ചു

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട് തന്നെ ഓഫീസാക്കി. ഇസാഫിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടപാടുകാരുടെ എണ്ണം കുറവാണ്. അത്യാവശ്യക്കാര്യത്തിന് മാത്രമല്ലേ ജനങ്ങള്‍ പുറത്തിറങ്ങുന്നുള്ളൂ. ടീമുമായി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സുകളുണ്ട്. മുമ്പ് ബിസിനസ് ആവശ്യത്തിന് നിരന്തര യാത്രകളുണ്ടായിരുന്നു. ആ യാത്രകളിലായിരുന്ന വായന. ഇപ്പോഴും വായനയുണ്ട്. ഹസ്തദാനം എന്ന ശീലം മാറ്റി നമസ്‌കാരമാക്കി.

സ്വര്‍ണപ്പണയത്തിന് ആവശ്യക്കാരേറെ

ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇസാഫ് ശാഖകളില്‍ സ്വര്‍ണപ്പണയത്തിന് ആവശ്യക്കാരേറെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസൃതമായ ഗോള്‍ഡ് ലോണ്‍ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു. അടിയന്തരാവശ്യങ്ങള്‍ക്കായി ഏറെ പേര്‍ സ്വര്‍ണവായ്പ എടുക്കാനെത്തിയതോടെ ഈ രംഗത്ത് വലിയ വര്‍ധനയുണ്ടായി.

കിട്ടാക്കടം കൂടില്ല

ഇസാഫിന്റെ ബിസിനസില്‍ 96 ശതമാനവും മൈക്രോ സെഗ്്‌മെന്റിലാണ്. ആ വിഭാഗത്തിലെ വായ്പയുടെ ശരാശരി ടിക്കറ്റ് സൈസ് 33,000 രൂപയാണ്. വായ്പാ തിരിച്ചടവിന് മൂന്നുമാസത്തെ മോറട്ടോറിയം ഞങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും വായ്പ എടുത്തവരുമായി ഞങ്ങളുടെ ബാങ്കിംഗ് കറസ്‌പോണ്ടന്റുമാര്‍ വഴി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മോറട്ടോറിയം കാലാവധി കഴിയുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന വിശ്വാസം വായ്പ എടുത്തവര്‍ക്കുണ്ട്.

ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്ത് മുന്‍ അനുഭവങ്ങളും ഞങ്ങള്‍ക്കുണ്ട്. 2018ലെ പ്രളയത്തില്‍ സമാനമായ സാഹചര്യം തന്നെയായിരുന്നു. പ്രളയശേഷം ഞങ്ങള്‍ക്ക് കിട്ടാക്കട പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ എംഎസ്എംഇ മേഖല തിരിച്ചുവരാന്‍ കൂറേക്കൂടി കാലതാമസമെടുക്കും. കോര്‍പ്പറേറ്റ് മേഖലയില്‍ ഞങ്ങള്‍ക്ക് സാന്നിധ്യം കുറവാണ്. റീറ്റെയ്ല്‍ വായ്പാ രംഗത്താണ് ഞങ്ങളുടെ മുഖ്യശ്രദ്ധ.

ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വായ്പാ ആവശ്യകത കൂടും

രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ ചെറുകിട, ഇടത്തരം സംരംഭകരില്‍ നിന്ന് വായ്പാ ആവശ്യകത കൂടുമെന്നാണ് കണക്കുകൂട്ടല്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല സംരംഭകര്‍ക്കും പ്രവര്‍ത്തന മൂലധനം തന്നെയില്ലാത്ത സ്ഥിതിയാണ്. അവര്‍ക്ക് ബിസിനസ് പുനഃരാരംഭിക്കാന്‍ പണം വേണ്ടി വരും. ഞങ്ങള്‍ സൂക്ഷ്മ ചെറുകിട സംരംഭകരുടെ മേഖലയിലാണ് ശ്രദ്ധയൂന്നുന്നത്.

പുതിയ വായ്പാ ഉല്‍പ്പന്നങ്ങള്‍

ചെറുകിട കച്ചവടക്കാര്‍ക്കായി മൈക്രോ ബിസിനസ് ലോണ്‍ ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. വ്യാപാരികളുടെ സംഘടന വഴി ഇത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നുമുണ്ട്. നാലു മാസത്തെ തിരിച്ചടവിന് മോറട്ടോറിയമുള്ള കോവിഡ് കെയര്‍ വായ്പകളും നല്‍കുന്നുണ്ട്. ഇതൊരു പ്രീ അപ്രൂവ്ഡ് ലോണാണ്. പ്രളയകാലത്തും ഞങ്ങള്‍ സമാനമായ വായ്പ വിതരണം ചെയ്തിരുന്നു.

സാഹചര്യങ്ങള്‍ പരിഗണിച്ച് ഐപിഒ

ഐപിഒയ്ക്കുള്ള അനുമതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാര്‍ച്ചിലാണ് ഞങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഒരു വര്‍ഷ സമയമുണ്ട്. വിപണി സാഹചര്യങ്ങള്‍ പരിഗണിച്ച തീരുമാനമെടുക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com