സി.എസ്.ബി ബാങ്ക് വായ്പാപ്പലിശ കുറച്ചു; നിങ്ങളുടെ ഇ.എം.ഐക്ക് ഇതെങ്ങനെ നേട്ടമാകും?

എന്താണ് എം.സി.എല്‍.ആര്‍?
CSB Bank logo
Image : CSB Bank and Canva
Published on

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയ മാനദണ്ഡങ്ങളിലൊന്നായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. എം.സി.എല്‍.ആര്‍ താഴുമ്പോള്‍, ഈ നിരക്ക് അധിഷ്ഠിതമായ വായ്പകളുടെ പലിശയും ആനുപാതികമായി താഴും. അതായത്, വായ്പകളുടെ തിരിച്ചടവ് ബാധ്യത (EMI) കുറയും.

പുതുക്കിയ നിരക്ക്

ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.50 ശതമാനത്തില്‍ നിന്ന് 8.40 ശതമാനത്തിലേക്കും ഒരുവര്‍ഷ കാലാവധിയുള്ളവയുടേത് 10.50 ശതമാനത്തില്‍ നിന്ന് 10.40 ശതമാനത്തിലേക്കുമാണ് കുറച്ചതെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കി. മറ്റ് കാലാവധിയുള്ള വായ്പകളുടെ എം.എസി.എല്‍.ആറില്‍ മാറ്റമില്ല.

എന്താണ് എം.സി.എല്‍.ആര്‍?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്.

റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്‌സ്/കറന്റ് അക്കൗണ്ട് നിക്ഷേം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com