ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം താഴേക്ക്; ഇത് യു.പി.ഐ വാഴും കാലം

ക്രെഡിറ്റ് കാര്‍ഡുകളില്‍ മുന്തിയപങ്കും ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക്
UPI, Credit Card
Photo : Canva
Published on

സാധാരണക്കാര്‍ മുതല്‍ അതിസമ്പന്നര്‍ വരെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ (UPI) ഇടപാടുകള്‍ ശീലമാക്കിയതോടെ രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ താഴുന്നു. ഓണ്‍ലൈന്‍ വിപണിയിലെ (ഇ-കൊമേഴ്സ്) ഇടപാടുകളിലാണ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ ഇടിഞ്ഞതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലാണ് റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഓണ്‍ലൈന്‍, ഓഫ്ലൈന്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാന്‍ തുടങ്ങിയത്. ആ ഏപ്രിലില്‍ 11.7 കോടി ഇടപാടുകള്‍ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നടന്നിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ ഇതുപക്ഷേ, 5.1 കോടിയായി ഇടിഞ്ഞു. 21,000 കോടി രൂപയില്‍ നിന്ന് 16,127 കോടി രൂപയിലേക്കാണ് ഇടപാടുകളുടെ മൂല്യവും താഴ്ന്നത്. അതേസമയം, ഇക്കാലയളവില്‍ യു.പി.ഐ വഴി ഇ-കൊമേഴ്സ് വാങ്ങലുകളിലെ ഇടപാടുകള്‍ 220 കോടിയില്‍ നിന്ന് 610 കോടിയായി ഉയര്‍ന്നു. എത്ര ചെറിയ തുകയും വലിയ തുകയും അനായാസമായി യു.പി.ഐ മൊബൈല്‍ ആപ്പുകള്‍ വഴി കൈമാറാമെന്നതാണ് സ്വീകാര്യത ഉയര്‍ത്തുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ചെലവുകളും താഴേക്ക്

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലും (Spending) കുറയുകയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

ഓഗസ്റ്റിലെ 1.48 ലക്ഷം കോടി രൂപയില്‍ നിന്ന് സെപ്റ്റംബറില്‍ 1.42 ലക്ഷം കോടി രൂപയായാണ് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കലുകള്‍ കുറഞ്ഞത്. ജൂലൈയില്‍ ഇത് 1.45 ലക്ഷം കോടി രൂപയായിരുന്നു.

ഉയര്‍ന്ന പലിശഭാരം, പണപ്പെരുപ്പം എന്നിവയാണ് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കലുകള്‍ കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഒഴികെയുള്ള ബാങ്കുകളെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐയാണ് 8.9 ശതമാനം ഇടിവുമായി മുന്നില്‍. ആക്സിസ് ബാങ്ക് 8.4 ശതമാനവും ഇടിവ് നേരിട്ടു.

ഇ-കൊമേഴ്സില്‍ പ്രിയം

ഇ-കൊമേഴ്സ് പര്‍ച്ചേസുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കൂടുന്നുണ്ട്. മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കലുകളില്‍ ഓഗസ്റ്റില്‍ 64.4 ശതമാനവും ഇ-കൊമേഴ്സില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനായിരുന്നു. സെപ്റ്റംബറില്‍ ഇത് 65.3 ശതമാനമായി ഉയര്‍ന്നു.

2022 ഏപ്രിലിലെ 10.7 കോടിയില്‍ നിന്ന് കഴിഞ്ഞമാസം 13.1 കോടിയായി ഇ-കൊമേഴ്സ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഉയര്‍ന്നു. 65,652 കോടി രൂപയില്‍ നിന്ന് 92,878 കോടി രൂപയായാണ് വര്‍ധന.

രാജ്യത്താകെ 9.3 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് സെപ്റ്റംബര്‍ പ്രകാരമുള്ളത്. ഓഗസ്റ്റിലാണ് ആദ്യമായി 9 കോടി കടന്നത്. 1.88 കോടി ഉപയോക്താക്കളുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് മുന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com