

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനുള്ള പുതിയ സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇതോടെ, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റത്തിലെ ഡൊണേഷന്‍ വിഭാഗത്തിനു കീഴില്‍ ഈ സംവിധാനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ക്ഷേത്രമായി ഗുരുവായൂര്‍ ക്ഷേത്രം ചരിത്രത്തില്‍ ഇടം പിടിച്ചു.
ഫെഡറല്‍ ബാങ്കിന്റെ ഫെഡ്‌മൊബൈല്‍, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭീം യു.പി.ഐ എന്നിവയുള്‍പ്പെടെയുള്ള ഏത് യുപിഐ ആപ്പിലൂടെയും ലോകത്തെവിടെ നിന്നും ഏതു സമയത്തും ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കാന്‍ കഴിയും.
ക്ഷേത്ര സംഭാവനകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ നാഴികക്കല്ലില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു. ബി.ബി.പി.എസ് പ്ലാറ്റ്‌ഫോമില്‍ സജ്ജീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ ക്ഷേത്രമായി മാറിയത്തിലൂടെ ഗുരുവായൂര്‍ ക്ഷേത്രം മാതൃകയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.പി.എസ് പ്ലാറ്റ്‌ഫോമില്‍ കൈനീട്ടം കുറിച്ചുകൊണ്ടു ഗുരുവായൂര്‍ ക്ഷേത്രം ഡിജിറ്റല്‍ സംഭാവനകളുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാര്‍ പറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സംഭാവനകളെ ആധുനികവല്‍ക്കരിക്കുക മാത്രമല്ല രാജ്യത്തെ സാംസ്‌കാരിക-ആധ്യാത്മിക മേഖലകളുള്‍പ്പെടെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധത കൂടിയാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറല്‍ ബാങ്ക് ഗവണ്‍മെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത.കെ.നായര്‍ ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്ററായ കെ.പി വിനയന് കൈമാറി. ദേവസ്വം ചീഫ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ് അപര്‍ണ, ഫെഡറല്‍ ബാങ്ക് ഗവര്‍മെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂര്‍ ശാഖാ മാനേജര്‍ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine